തിരുവനന്തപുരം
കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാണെടുക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ജിഎസ്ടി വിഹിതം അനുവദിക്കുന്നതടക്കമുള്ള ആവശ്യങ്ങളുയർത്തി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടപ്പോൾ കേരളത്തിന് ആനുകൂല്യങ്ങൾ നൽകരുതെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തുകയായിരുന്നു അവർ. നാടിന്റെ പൊതുവായ താൽപ്പര്യം സംരക്ഷിക്കാൻ യോജിച്ച് നിൽക്കുന്നതിനുപകരമാണ് ഈ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കേന്ദ്ര സംസ്ഥാന ബന്ധങ്ങളും കേരള വികസനവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഓരോന്നായി കവർന്നെടുക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തിന് നൽകുന്ന ജിഎസ്ടി നികുതി വിഹിതത്തിൽ വൻ കുറവു വരുത്തി. 3.9 ശതമാനമായിരുന്നത് ഇപ്പോൾ 1.92 ശതമാനമായി കുറച്ചു. ജിഎസ്ടി നഷ്ടപരിഹാരവും അടുത്തവർഷം ഇല്ലാതാകും. ഇതുവഴി ഈ വർഷം സംസ്ഥാനത്തിന് 9000 കോടിയുടെയും അടുത്തവർഷം 17,000 കോടിയുടെയും അതിനടുത്ത വർഷം 32,000 കോടിയുടെയും കുറവുണ്ടാകും. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതവും വെട്ടിക്കുറയ്ക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടം ചൂണ്ടിക്കാട്ടിയാണ് വിഹിതത്തിൽ കുറവുവരുത്തുന്നത്.
സംസ്ഥാനം വലിയതോതിൽ കടമെടുക്കുന്നു എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. സംസ്ഥാനം പരിധിക്കകത്തുനിന്നുള്ള കടം മാത്രമേ എടുത്തിട്ടുള്ളൂ. കേന്ദ്രം എടുക്കുന്നതിന്റെ പകുതിപോലും കടം സംസ്ഥാനം എടുത്തിട്ടില്ല. ജിഡിപിയുടെ 6.9 ശതമാനം കടം കേന്ദ്രം എടുക്കുമ്പോൾ കേരളം 3.9 ശതമാനം മാത്രമാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് എം വി ശശിധരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം എ അജിത്കുമാർ സ്വാഗതം പറഞ്ഞു.