കണ്ണൂർ
മതിയായ നഷ്ടപരിഹാരം നൽകിയാണ് സർക്കാർ സിൽവർലൈൻ നടപ്പാക്കുന്നതെന്ന് സിപിഐ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. സിൽവർലൈനിനോടുള്ള പ്രതിപക്ഷ എതിർപ്പിന് കാരണമെന്താണെന്ന് വ്യക്തമാക്കണം. പുതിയ കാലത്ത് ഒരുപാട് വേഗത്തിൽ യാത്ര ചെയ്യേണ്ടിവരും. ഇത്തരത്തിൽ ഭാവിവികസനം മുന്നിൽക്കണ്ടാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. ജനങ്ങൾക്കുവേണ്ടിയാണ് വികസനം. ജനങ്ങളെ തുലച്ചുകൊണ്ട് ഒരു വികസനവും എൽഡിഎഫ് സർക്കാർ നടപ്പാക്കില്ലെന്നും പന്ന്യൻ പറഞ്ഞു.
കേരളത്തിൽ അതിവേഗ റെയിൽ ഇടനാഴി സ്ഥാപിക്കാൻ സഹകരിക്കണമെന്ന് അഭ്യർഥിച്ച് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ തന്നെ കാണാൻ ആളെ അയച്ചിരുന്നു. എന്നാൽ, ഡിപിആറുമായി പിന്നീട് ആരും വന്നില്ല. നടപ്പാക്കാനായിരുന്നില്ല, ആളെ പറ്റിക്കാനായിരുന്നു പദ്ധതി. വിമാനങ്ങളിൽ മാറിമാറി കയറിപ്പോകാമെന്ന വിചിത്രവാദമൊക്കെയാണ് ചിലർ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു