തിരുവനന്തപുരം
കേന്ദ്രസർക്കാർ മണ്ണെണ്ണ വില അനുദിനം വർധിപ്പിക്കുന്നത് സാധാരണക്കാരോടും പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. എൻഡിഎ സർക്കാർ അധികാരമേൽക്കുമ്പോൾ ഒരു ലിറ്റർ മണ്ണെണ്ണയുടെ പൊതുവിപണിയിൽ 56 രൂപയായിരുന്നു.
ഇപ്പോൾ 124 രൂപ. മണ്ണെണ്ണ മത്സ്യബന്ധനത്തിനുള്ള ഇന്ധനമായി ആശ്രയിക്കുന്ന കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വിലവർധന താങ്ങാവുന്നതിലും അധികമാണ്. സിവിൽ സപ്ലൈസ് വഴി അനുവദിക്കുന്ന മണ്ണെണ്ണയ്ക്ക് 19 രൂപ വർധിപ്പിച്ചു ലിറ്ററിന് 82 രൂപയാക്കി.
സബ്സിഡി രഹിത മണ്ണെണ്ണയുടെ വിലയും കുത്തനെ കൂട്ടി. മതിയായ അളവിൽ സബ്സിഡി മണ്ണെണ്ണ കേന്ദ്രം നൽകാത്തതിനാൽ ജനുവരി മാസത്തിൽ അനുവദിക്കേണ്ട 129 ലിറ്ററിന് പകരമായി പെർമിറ്റ് ഒന്നിന് 89 ലിറ്റർ മണ്ണെണ്ണ മാത്രമാണ് അനുവദിക്കാനായത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇത് അനുവദിച്ചിട്ടുമില്ല.
സബ്സിഡി രഹിത മണ്ണെണ്ണ വിഹിതം വർധിപ്പിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രിക്ക് രണ്ട് തവണ കത്ത് നൽകിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. മണ്ണെണ്ണ വിതരണം ചെയ്യാൻ മത്സ്യഫെഡിനെ ഡീലറാക്കാനുള്ള അപേക്ഷയിലും നിഷേധാത്മക സമീപനമായിരുന്നു. വിലവർധന അടിയന്തരമായി പിൻവലിക്കണം. മത്സ്യബന്ധനത്തിന് ആവശ്യമായത്രയും മണ്ണെണ്ണ വിലകുറച്ച് നൽകാൻ കേന്ദ്രം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.