ബർലിൻ
ഒരേസമയം 12 താരങ്ങളെ കളത്തിലിറക്കി ബയേൺ മ്യൂണിക് കുഴപ്പത്തിൽ. ജർമൻ ഫുട്ബോൾ ലീഗിൽ ഫ്രെയ്ബർഗിനെതിരായ മത്സരത്തിലാണ് അബദ്ധം പിണഞ്ഞത്. കളിയുടെ 85–-ാം മിനിറ്റിലായിരുന്നു നാടകീയ സംഭവങ്ങൾ. കിങ്സ്ലി കൊമാനെയും കൊറെന്റിൻ ടെളീസോയെയും ബയേൺ പിൻവലിച്ചു. എന്നാൽ, നാലാം റഫറിക്ക് കൊമാന്റെ ജേഴ്സി നമ്പർ തെറ്റി. സ്ക്രീനിൽ തെളിഞ്ഞത് മറ്റൊരു നമ്പർ. പിൻവലിച്ചതറിയാതെ കൊമാൻ കളത്തിൽ തുടർന്നു.
മാഴ്സെൽ സെബിറ്റ്സറും നിക്ലസ് സൂളെയും പകരമെത്തുകയും ചെയ്തു. 17 സെക്കൻഡാണ് 12 പേരുമായി ബയേൺ കളിച്ചത്. ഫ്രെയ്ബർഗ് താരങ്ങളാണ് പരാതിയുമായി രംഗത്തുവന്നത്. ഇതോടെ കൊമാൻ കളംവിട്ടു. മത്സരത്തിൽ 4–-1ന് ജയിച്ച ബയേണിന് മൂന്ന് പോയിന്റ് നൽകില്ലെന്നാണ് സൂചന.