തിരുവനന്തപുരം
സൂര്യനിൽ ഉണ്ടായ മാറ്റങ്ങൾ വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില ഉയർത്തുന്നതിനാൽ സൂര്യാതപത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധർ. പകൽ 11നും മൂന്നിനും ഇടയിൽ പുറത്തിറങ്ങുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണം. സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളുടെ തോത് വർധിച്ചിട്ടുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ അൾട്രാ വയലറ്റ് സൂചിക 12 ആയി. അന്തരീക്ഷ താപനില ചിലയിടങ്ങളിൽ 38–-40 ഡിഗ്രി വരെ ഉയരാനും സാധ്യത. രാത്രി താപനിലയും ഉയരും.
കഴിഞ്ഞ ദിവസം സൂര്യന്റെ ഉപരിതലത്തിൽ 17 കൊറോണൽ മാസ് ഇജക്ഷനുകളാ (സൗര സ്ഫോടനം)ണ് ഉണ്ടായത്. സൂര്യന്റെ പുറംപാളിയിലുണ്ടാകുന്ന ശക്തിയേറിയ ഊർജ സ്ഫോടനമാണിത്. ഇത് ഭൂമിയുടെ കാന്തിക മണ്ഡലത്തിലും അതിനു മുകളിലുള്ള ഭാഗങ്ങളിലും അസ്വസ്ഥത സൃഷ്ടിക്കും. 28ന് സൂര്യന്റെ 12975, 12976 എന്നീ മേഖലകളിൽനിന്നാണ് തീവ്ര ജ്വാലകൾ പുറത്തുവന്നത്. ഇത് നേരിയ ഭൂകാന്തിക കൊടുങ്കാറ്റ് സൃഷ്ടിച്ചേക്കാമെന്ന് കൊൽക്കത്ത സെന്റർ ഓഫ് എക്സലൻസ് ഇൻ സ്പേസ് സയൻസസ് ഇന്ത്യ ഗവേഷകർ പറഞ്ഞു. സെക്കൻഡിൽ 496–-607 കിലോമീറ്ററിലാണ് സൗരജ്വാലകളുടെ സഞ്ചാരം. നാസാ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്തരം പ്രതിഭാസങ്ങൾ ഉപഗ്രഹങ്ങൾ, റേഡിയോ സിഗ്നലുകൾ, മറ്റ് ആശയവിനിമയ സംവിധാനം, വൈദ്യുതി വിതരണം തുടങ്ങിയവയെ ബാധിക്കാറുണ്ട്. കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ച സംഭവങ്ങളുമുണ്ട്. കാലാവസ്ഥാ ശാസ്ത്രജ്ഞരും ബഹിരാകാശ ഏജൻസികളും പ്രതിഭാസത്തെ നിരീക്ഷിച്ചുവരികയാണ്. ചൂടേറിയ (സോളാർ മാക്സിമം) കാലം 2025ൽ ഉണ്ടാകുമെന്നാണ് പ്രവചനം. ‘ചൂടു കുറഞ്ഞ’ സൂര്യനിലെ കാലം (സോളാർ മിനിമം) 2019ൽ ആയിരുന്നു.