കൊല്ലം
ദേശീയപാത വികസനത്തിന് ഭൂമി നൽകിയ മുഹമ്മദ്ഖാനും കുടുംബത്തിനും സിൽവർലൈനിനായും വീടും വസ്ത്ര നിർമാണ യൂണിറ്റും വിട്ടുനൽകാൻ പൂർണസമ്മതം. കൊല്ലം ആദിച്ചനല്ലൂർ പഞ്ചായത്ത് 17–-ാം വാർഡ് മൈലക്കാട് എ ആർ ബംഗ്ലാവിൽ മുഹമ്മദ്ഖാനും കുടുംബവും 25 വർഷമായി താമസിക്കുന്ന 3000 ചതുരശ്ര അടി വീടും വീടിനോട് ചേർന്ന നിർമാണ യൂണിറ്റുമാണ് വിട്ടുനൽകുന്നത്. ഇദ്ദേഹത്തിന്റെ സ്ഥലത്ത് സാമൂഹികാഘാത പഠനത്തിനുള്ള അതിരടയാള കല്ല് സ്ഥാപിച്ചു.
നാടിന്റെ വികസനത്തിന് വീടടക്കം നൽകാൻ അഭിമാനമുണ്ടെന്ന് മുഹമ്മദ്ഖാൻ പറഞ്ഞു. ‘ബിസിനസിനായി 10 ദിവസം കൂടുമ്പോൾ എറണാകുളത്ത് പോകണം. കാറിൽ കുറഞ്ഞത് ആറുമണിക്കൂർ വേണം. സിൽവർലൈൻ യാഥാർഥ്യമാകുമ്പോൾ ഒന്നര മണിക്കൂർ മതി. ഞങ്ങളെപ്പോലെയുള്ള ബിസിനസുകാർക്ക് സമയം പ്രധാനമാണ്.
ആധുനികമായ വേഗമേറിയ ഗതാഗതമാർഗം നമുക്കും ഉണ്ടായേ തീരൂ. ഇത് മലയാളിയുടെ സാമൂഹ്യ, സാമ്പത്തിക ജീവിതത്തിന്റെ കാര്യക്ഷമത വർധിപ്പിക്കും. അർഹമായ നഷ്ടപരിഹാരം കാലതാമസമില്ലാതെ നൽകണം. സർക്കാരിൽ പൂർണ വിശ്വാസമുണ്ട്. വികസനം തടയുന്ന സമരത്തിൽ അർഥമില്ല ’–- മുഹമ്മദ് ഖാൻ പറഞ്ഞു.
ദേശീയപാത വികസനത്തിനായി മുഹമ്മദ്ഖാൻ മൈലക്കാട്ടുള്ള അരസെന്റും കൊട്ടിയം മേവറത്തെ കടമുറിയും വിട്ടുകൊടുത്തിരുന്നു. സ്ഥലത്തിന് 15 ലക്ഷം രൂപയും കടമുറിക്ക് 18 ലക്ഷം രൂപയും നഷ്ടപരിഹാരം ലഭിച്ചു. സ്ഥലവും വീടും നൽകുന്നതിൽ ഭാര്യ അനിലഖാനും മകൻ ആലിഫിനും പൂർണ സമ്മതം.