തിരുവനന്തപുരം> സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാന്‍ തീരുമാനിച്ച മറ്റൊരു പൊതുമേഖല സ്ഥാപനത്തെ കൂടി ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍. നഷ്ടത്തിലായിരുന്ന കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കെ.ഇ.എല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡായി നവീകരിച്ചതിന്റെ ഉദ്ഘാടനം നാളെ നടക്കും.
കമ്പനിയുടെ പുനരുദ്ധാരണത്തിന് ആവശ്യമായ 43 കോടി രൂപയും മുന്‍കാലങ്ങളില്‍ കമ്പനിക്കുണ്ടായ 34 കോടി രൂപയുടെ ബാധ്യതയും ചേര്‍ത്ത് 77 കോടിയോളം രൂപ ചിലവഴിച്ചാണ് സര്‍ക്കാര്‍ ഈ സ്ഥാപനത്തെ പൊതുമേഖയില്‍ നിലനിര്‍ത്തിയത്.കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ 1990 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തെ 2010 ലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന് കൈമാറിയത്. എന്നാല്‍ പ്രതീക്ഷിച്ച നേട്ടം ഭെല്ലിന്റെ കീഴില്‍ ഇ.എം.എല്ലിന് കൈവരിക്കാനായില്ല.
തുടര്‍ന്ന് നഷ്ടത്തിലായ കമ്പനിയെ സ്വകാര്യമേഖലയ്ക്ക് വില്ക്കാന് തീരുമാനമുണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുകയല്ല, ഏറ്റെടുത്ത് സംരക്ഷിക്കുകയെന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചും നൂതനമായ മേഖലകളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചും കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്കു കരുത്തു പകരാന്‍ കഴിയും വിധത്തില്‍ ഈ സ്ഥാപനത്തെ പുരോഗതിയിലേക്ക് നയിക്കും. പൊതുമേഖലയെ സംരക്ഷിക്കുമെന്ന് ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനം നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി
.