തൃശൂര്‍> ചാലക്കുടിക്കടുത്ത് കാടുകുറ്റിയില് നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. കൊല്ലം ചെമ്മന്തൂര്‍ തെക്കെചെറുവിള പുത്തന്‍വീട്ടില്‍ വിനോദ് കുമാര്‍ (47 ), ഇയാളുടെ സഹോദരിയുടെ മകന് ആളൂര്‍ ആനത്തടം തെക്കെചെറുവിള പുത്തന്‍വീട്ടില്‍ ഗിരിധരന് (ഗിരി–27) എന്നിവരെയാണ് തൃശൂര്‍ ഒന്നാം അഡീസഷന്സ് ജഡ്ജ് പി എന്‍ വിനോദ് ശിക്ഷിച്ചത്.
വിനോദ് കുമാര്‍ ഇപ്പോള്‍ ആളൂരിലാണ് താമസം. 2013 മാര്‍ച്ച് ഒന്നിനാണ് സംഭവം. കാടുകുറ്റി എല്എഐയുപി സ്കൂളില്‍ എല്‍കെജി വിദ്യാര്‍ഥിനിയായ കുട്ടിയെ സ്കൂള്‍ വാഹനം ഇറങ്ങി നടന്ന് പോകുമ്പോള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ അച്ഛന് ജ്വല്ലറി ജീവനക്കാരനായിരുന്നു. ഇയാള്‍ ജ്വല്ലറി ഉടമയാണെന്ന് കരുതി പണം ലഭിക്കുമെന്ന് കരുതി മകളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഫോണ്‍ വിളിച്ച് പണം ആവശ്യപ്പെട്ടു.
അച്ഛന് കൊരട്ടി പൊലീസിനെ അറിയിച്ചതുപ്രകാരം കേസെടുത്തു. പിന്നീട് ചേലക്കര പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത് . സംഭവം കണ്ട മറ്റു സഹപാഠികള്‍ വരച്ച് കൊടുത്ത പ്രതികളുടെ രേഖാചിത്രമാണ് വഴിത്തിരിവായത് . ഫോണ്‍ ടവര്‍ ലൊക്കേഷന്‍ വഴിയാണ് പ്രതികളെ കുരുക്കിയത്. കേസില്‍ പ്രോസിക്യൂട്ടര്‍ ലിജി മധു, അഡ്വ. കെ ബി സുനില്‍കുമാര്‍ എന്നിവര്‍ ഹാജരായി.