തിരുവനന്തപുരം> ബിഎസ്സി – ജനറല്‍ നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ പാസായ പട്ടിക വിഭാഗത്തില്‍ നിന്നുള്ളവരെ ആരോഗ്യവകുപ്പില്‍ നിയമിക്കുന്നു. പട്ടിക വിഭാഗ വികസന മന്ത്രി കെ രാധാകൃഷ്ണനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജുമടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. ആരോഗ്യ വകുപ്പിനു കീഴിലുള്ള വിവിധ ആശുപത്രികളിലാണ് പ്രതിമാസ സ്റ്റൈപ്പന്‍ഡ് നല്കി രണ്ട് വര്‍ഷത്തേക്ക് നിയമിക്കാന്‍ ധാരണയായത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവര്‍ത്തിച്ച പരിചയവും അനുഭവവും ഉപയോഗപ്പെടുത്തി പട്ടിക വിഭാഗക്കാര്‍ക്ക് സ്ഥിര ജോലിയിലേക്ക് എത്തുന്നതിനുള്ള പ്രോത്സാഹനമാണ് ഈ നിയമനമെന്ന് മന്ത്രി കെ രാധാകൃഷ്ണന് വ്യക്തമാക്കി. സ്റ്റെപ്പന്ഡിന്റെ ചെലവ് പട്ടികജാതി– വര്‍ഗ വകുപ്പ് വഹിക്കും.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും പട്ടിക വർഗ വികസന വകുപ്പിന്റെ സമഗ്ര ആരോഗ്യ രക്ഷാ പദ്ധതിയും സംയോജിപ്പിച്ച് നടപ്പാക്കാനും തീരുമാനിച്ചു. പട്ടിക വർഗ വികസന വകുപ്പ് ആശുപത്രികൾക്ക് അനുവദിക്കുന്ന തുകയുടെ വിനിയോഗത്തിൽ പ്രതിമാസ പരിശോധന നടത്താനും തീരുമാനമായി. യോഗത്തിൽ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ എം ജി രാജമാണിക്യം, എസ്ടി ഡയറക്ടർ ടി വി അനുപമ, ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ, ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ. വി. ആർ രാജു, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംലാ ബീവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് പട്ടിക വിഭാഗക്കാരായ 500 അക്രഡിറ്റഡ് എഞ്ചിനീയർമാരെയും നിയമിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.