കൊച്ചി> സഹകരണ ബാങ്കുകളിൽ തട്ടിപ്പും ക്രമക്കേടും കണ്ടെത്തുന്ന കേസുകളിൽ പ്രതികളുടെയും അടുത്ത ബന്ധുക്കളുടെയും വസ്തു വകകൾ ജപ്തി ചെയ്യാൻ നടപടി വേണമെന്ന് ഹൈക്കോടതി. മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടത്തിയ പ്രതികൾ അടുത്ത ബന്ധുക്കളുടെ പേരിൽ വ്യാപകമായി വസ്തുക്കൾ വാങ്ങിയതായി കണ്ടെത്തിയെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റീസ് സുനിൽ തോമസിൻ്റെ ഉത്തരവ്.
പ്രതികളും ബന്ധുക്കളും വാങ്ങിയ ഏക്കറുകണക്കിന് ഭൂമി ജപ്തി ചെയ്യാൻ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കോടതിയിൽ ക്രൈം ബ്രാഞ്ച് അപേക്ഷ സമർപ്പിച്ചതായി സർക്കാരിന് വേണ്ടി ഹാജരായ സെപഷ്യൽ ഗവ പ്ലീഡർ പി പി താജുദീൻ ബോധിപ്പിച്ചു. ഒന്നാം പ്രതിയും ബാങ്കിൻ്റെ തഴക്കര ബ്രാഞ്ച് മാനേജരുമായ ജ്യോതി മധുവിൻ്റെയും ബന്ധുക്കളുടെയും പേരിൽ 18 ഏക്കറോളും ഭൂമി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
ബാങ്കിൻ്റെ മുൻ പ്രസിഡൻറിനെയും ബന്ധുക്കളുടെയും പേരിൽ 111 അക്കൗണ്ടുകൾ ഉള്ളതായി കണ്ടെത്തി. ബ്രാഞ്ച് മാനേജരുടെ അക്കൗണ്ടിൽ 1.97 കോടി രൂപയും കണ്ടെത്തി. അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു. മുൻ ഭരണ സമിതി അംഗങ്ങളെയും ബാങ്കിന് സോഫ്റ്റ് വെയർ നൽകിയ വ്യക്തിയെയും പ്രതിചേർത്തതായി ക്രൈംബ്രാഞ്ച് എസ് പി പ്രശാന്തൻ കാണി കോടതിയെ അറിയിച്ചു. 2020ൽ തന്നെ കേസ് രജിസ്റ്റർ ചെയ്തതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും കോടതിയെ അറിയിച്ചു.ഇ.ഡിക്ക് ആവശ്യമായ വിവരങ്ങൾ കൈമാറാൻ സഹകരണ വകുപ്പിനും ക്രൈംബ്രാഞ്ചിനും കോടതി നിർദ്ദേശം നൽകി. സ്വത്തുവകകൾ വാങ്ങിക്കുട്ടിയ പ്രതികളുടെ ബന്ധുക്കളെയും കേസിൽ പ്രതികളാക്കണമെന്ന് കോടതി ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. ഇഡിക്കും അന്വേഷണം തുടരാം.
വ്യാജ രേഖകൾ ചമച്ച് 20 കോടിയോളം രൂപയാണ് തഴക്കര ബ്രാഞ്ചിൽ നിന്നും അപഹരിക്കപ്പെട്ടതായി കണ്ടെത്തിയത്. വ്യാജ സ്ഥിരം നിക്ഷേപക രസീതുകളുടെ പിൻബലത്തോടെ 20 കോടിയോളം രൂപയാണ് ബാങ്കിന് നഷ്ടമായത്. ബ്രാഞ്ച് മനേജരായിരുന്ന ജ്യോതി മധു, ജീവനക്കാരായ ബിന്ദു ജി നായർ, കുട്ടി സീമ ശിവ എന്നിവരും മുൻ ഭരണ സമിത അംഗങ്ങളും പ്രസിഡണ്ടു മടക്കം 17 പേരെയാണ് പോലീസ് പ്രതി ചേർത്തിട്ടുള്ളത്. ബാങ്കിലെ കമ്പ്യൂട്ടർ ശൃംഖലയിൽ കൃത്രിമം കാട്ടിയായിരുന്നു തട്ടിപ്പ്. സ്ഥിരം നിക്ഷേപം തിരികെ കിട്ടാതെ വന്നതിനെത്തുടർന്ന് നിക്ഷേപകർ ഹൈക്കോടതിയെ സമിപിച്ചിരുന്നു. നിക്ഷേപം തിരികെ നൽകാൻ കോടതി നിർദ്ദേശിച്ചു. കോടതി നിർദ്ദേശത്തിനെതിരെ ബാങ്ക് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കകയായിരുന്നു.