ന്യൂഡൽഹി
ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലക്കേസില് കേന്ദ്രമന്ത്രിയുടെ മകനും മുഖ്യപ്രതിയുമായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാൻ സംസ്ഥാനം അപ്പീൽ നൽകണമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ജഡ്ജി ശുപാർശ ചെയ്തത് ഉത്തർപ്രദേശ് സർക്കാരിനെ ഓര്മപ്പെടുത്തി സുപ്രീംകോടതി. വിഷയത്തിൽ സർക്കാർ മറുപടി അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.റിട്ട. ജഡ്ജി രാകേഷ് കുമാർ ജെയിനിന്റെ ശുപാർശ ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷകസംഘം തലവൻ ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറിക്ക് രണ്ട് കത്തെഴുതിയിരുന്നു. എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മഹേഷ് ജത്മലാനി പ്രതികരിച്ചു.
കൂടുതൽ സമയംവേണമെന്ന് ആവശ്യപ്പെട്ടതുപ്രകാരം കേസ് തിങ്കളാഴ്ചത്തേക്കുമാറ്റി. ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി യുപി സർക്കാരിനോട് വിശദീകരണം തേടിയത്.