തിരുവനന്തപുരം
ജനനേതാക്കളെ ആക്രമിക്കാൻ ആക്രോശിക്കുന്ന മാധ്യമ അവതാരകന്റെ ഹുങ്കിന് താക്കീത് നൽകി കേരളമാകെ തൊഴിലാളി പ്രതിഷേധം. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപിയുടെ മുഖത്തടിച്ച് ചോരവരുത്തണമെന്നും കുടുംബത്തിനൊപ്പം വഴിയിൽ ഇറക്കി വിടണമെന്നും ആഹ്വാനം നടത്തിയ ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെതിരെയാണ് പ്രതിഷേധം ഇരമ്പിയത്. സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസുകളിലേക്ക് പ്രതിഷേധമാർച്ച് നടന്നു.
തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ആസ്ഥാനത്തേക്ക് നടന്ന പ്രതിഷേ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. അവതാരകന്റെ പരാമർശത്തിന് അതേ നാണയത്തിൽ മറുപടി പറയാത്തത് തൊഴിലാളികളുടെ സംസ്കാരമാണ്. സ്വാതന്ത്ര്യസമരത്തിന് സമാനമായ സമരമാണ് കഴിഞ്ഞ രണ്ട് ദിവസം നടന്നത്. അത് മാധ്യമപ്രവർത്തകർക്ക് കൂടി വേണ്ടിയാണ്. അത് മനസ്സിലാക്കാതെയാണ് പരാമർശമെന്ന് ആനത്തലവട്ടം പറഞ്ഞു. ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി വി ജെ ജോസഫ് അധ്യക്ഷനായി. ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിലേക്ക് നടന്ന മാർച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ എൻ സന്തോഷ് അധ്യക്ഷനായി. തൃശൂർ ബ്യൂറോയിലേക്ക് നടത്തിയ മാർച്ച് സംയുക്ത സമരസമിതി ചെയർമാൻ സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് അധ്യക്ഷനായി. കോഴിക്കോട് ഓഫീസിലേക്ക് നടത്തിയ മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്തു. എഐടിയുസി നേതാവ് പി കെ നാസർ അധ്യക്ഷനായി. പാലക്കാട് ബ്യുറോയിലേക്ക് നടത്തിയ മാർച്ച് സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി കെ നൗഷാദ് അധ്യക്ഷനായി.
ശക്തമായി പ്രതിഷേധിക്കുന്നു:
സിപിഐ എം
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭ നേതാവുമായ എളമരം കരീമിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോൺ നടത്തിയ ആക്രമണ ആഹ്വാനത്തിൽ അങ്ങേയറ്റം പ്രതിഷേധിക്കുന്നതായി സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.ജനാധിപത്യസമൂഹത്തിൽ അനിവാര്യമായതാണ് സ്വതന്ത്ര മാധ്യമ പ്രവർത്തനം. ജനാധിപത്യപരമായ ഭാഷയിലെ സംവാദങ്ങളായിരിക്കണം അതിന്റെ മുഖമുദ്ര. എന്നാൽ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുള്ള സമീപനമാണ് അവതാരകന്റെ ഭാഗത്തുനിന്നുണ്ടായത്. എളമരം കരീമിനെയും കുടുംബത്തെയും ആക്രമിക്കണമെന്ന പരസ്യമായ പ്രസ്താവനയാണ് ചാനലിലൂടെ നടത്തിയത്. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർ ഇത് സംബന്ധിച്ച അഭിപ്രായം വ്യക്തമാക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.