ഇസ്ലാമാബാദ്
പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്ഥാൻ (എംക്യുഎംപി) കൂറുമാറിയതോടെ സഭയില് വോട്ടെടുപ്പിനുമുമ്പേ അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഭരണമുന്നണി വിട്ടതായി എംക്യുഎംപി പ്രതിപക്ഷ പാർടികൾക്കൊപ്പം വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചു. എംക്യുഎംപി മന്ത്രിമാരായ ഫറോഖ് നസീം, അമിനുൾ ഹഖ് എന്നിവർ രാജിവച്ചു.
ആകെ 342 അംഗങ്ങളുള്ള ദേശീയ അസംബ്ലിയിൽ ഇമ്രാന്റെ പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫിന് 155 അംഗങ്ങളുണ്ട്. ഇതിൽത്തന്നെ 24 പേർ അവിശ്വാസത്തെ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവിശ്വാസം ജയിക്കാൻ 172 വോട്ട് വേണമെന്നിരിക്കെയാണ് ഏഴ് അംഗങ്ങളുള്ള എംക്യുഎംപിയും പ്രതിപക്ഷത്തിനൊപ്പം ചേർന്നത്. ഇതോടെ പ്രതിപക്ഷത്തിന് 175 വോട്ടുണ്ടെന്നും പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ പാർടിയായ ജാമിയത് ഉലെമ ഇസ്ലാമ ഫസൽ മേധാവി മൗലാന ഫസ്ലുർ റഹ്മാൻ ആവശ്യപ്പെട്ടു. പാകിസ്ഥാൻ മുസ്ലിംലീഗ് നവാസ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ ഷെഹ്ബാസ് ഷെരീഫിനെ അടുത്ത പ്രധാനമന്ത്രിയായി ഉടൻ തെരഞ്ഞെടുക്കപ്പെടുമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി പ്രഖ്യാപിച്ചു.
ഇമ്രാന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ മന്ത്രിസഭ അദ്ദേഹത്തിന് പൂർണ പിന്തുണ അറിയിച്ചതായും ഇമ്രാൻ രാജിവയ്ക്കില്ലെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് പ്രതികരിച്ചു. വിദേശശക്തികളാണ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നാണ് ഇമ്രാന്റെ നിലപാട്.പാകിസ്ഥാനിൽ ഒരു പ്രധാനമന്ത്രിപോലും കാലാവധി തികച്ചിട്ടില്ല. മൂന്നിനു സഭയിലെ വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ അവിശ്വാസത്തിലൂടെ പുറത്താക്കപ്പെടുന്ന ആദ്യ പാക് പ്രധാനമന്ത്രിയാകും ഇമ്രാൻ.