കൊളംബോ
സാമ്പത്തിക, ഇന്ധനപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പ്രതിദിനം 10 മണിക്കൂർ പവർകട്ട്. താപനിലയങ്ങളിൽനിന്നുള്ള ഉൽപ്പാദനം ഗണ്യമായി കുറഞ്ഞതിനെ തുടർന്നാണ് ഏഴുമണിക്കൂറായിരുന്ന പവർകട്ട് ദീർഘിപ്പിച്ചത്.ഇന്ധനമില്ലാത്തതിനാൽ താപനിലയങ്ങൾ നിശ്ചലമായി. 750 മെഗാവാട്ടിന്റെ കുറവാണ് ഇത്തരത്തിൽ ഉണ്ടായത്.
പെട്രോൾ പമ്പുകൾ സംഘർഷമേഖലകളായി. ബുധൻ, വ്യാഴം ദിവസങ്ങളിൽ പമ്പുകളിൽ കാത്തുനിൽക്കരുതെന്ന് സിലോൺ പെട്രോളിയം കോർപറേഷൻ (സിപിസി) ജനങ്ങളോട് നിര്‍ദേശിച്ചു. ഇന്ധന ലോഡ് രാജ്യത്ത് എത്തിച്ചേർന്നെങ്കിലും നൽകാൻ പണമില്ലാത്തതിനാൽ ഇറക്കാനായിട്ടില്ല. വെള്ളിയാഴ്ചയോടെ മാത്രമേ ലോഡ് ഇറക്കാനാകൂ എന്നും സിപിസി അറിയിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ലങ്കൻ സ്ഥാപനമായ എൽഐഒസിയിൽനിന്ന് 6000 ടൺ ഡീസൽ വാങ്ങുമെന്ന് ലങ്കൻ ഊർജമന്ത്രി വ്യക്തമാക്കി. ഊർജോൽപ്പാദനത്തിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായാണിത്. ഇന്ത്യൻ സഹായത്തോടെ വ്യാഴാഴ്ചയോടെ മറ്റൊരു ലോഡ് ഡീസൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു.
പാചകവാതകത്തിൽ കടുത്ത ദൗർലഭ്യം. വിതരണം ആഴ്ചയിൽ ഒരുദിവസമായി പരിമിതപ്പെടുത്തി. പുലർച്ചെ നാലുമുതൽ നൂറുകണക്കിന് ആളുകൾ പാചകവാതക ഏജൻസികൾക്കുമുന്നിൽ വരിനിൽക്കുന്ന അവസ്ഥയുണ്ട്. മരുന്നും ഭക്ഷണവും ഉൾപ്പെടെ അവശ്യവസ്തുക്കൾക്കെല്ലാം തീപിടിച്ച വില. പത്ത് പാരസെറ്റാമോൾ ഗുളികയ്ക്ക് 420 രൂപ. ചിലയിടങ്ങളിൽ എത്ര വിലകൊടുത്താലും അരിയും പാൽപ്പൊടിയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ കിട്ടാത്ത സ്ഥിതി.
സർക്കാർ പൊതുപണം മോഷ്ടിക്കുകയാണെന്ന് ആരോപിച്ച് ബുധനാഴ്ച ശ്രീലങ്കൻ സെൻട്രൽ ബാങ്കിനുമുന്നിൽ ജനങ്ങൾ പ്രതിഷേധിച്ചു.