ദാക്കർ
മുഹമ്മദ് സലായുടെ സുന്ദരഗോളുകൾ ഖത്തർ ലോകകപ്പിനില്ല. ആഫ്രിക്കയിലെ അന്തിമ യോഗ്യതാ മത്സരത്തിൽ ഈജിപ്ത് സെനെഗലിനോട് ഷൂട്ടൗട്ടിൽ വീണു (3–-1). സലാ കിക്ക് പാഴാക്കിയപ്പോൾ ലിവർപൂളിലെ കൂട്ടുകാരൻ സാദിയോ മാനെ സെനെഗലിന്റെ വിജയഗോൾ കുറിച്ചു. ആഫ്രിക്കൻ നേഷൻസ് കപ്പിലും ഈജിപ്ത് സെനെഗലിനോട് ഷൂട്ടൗട്ടിൽ തോറ്റിരുന്നു. ഘാന, കാമറൂൺ, മൊറൊക്കോ, ടുണീഷ്യ എന്നിവരും ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചു.
സെനെഗലിന്റെ തട്ടകത്തിൽ ആദ്യപാദത്തിലെ ഒറ്റഗോൾ ജയവുമായാണ് ഈജിപ്ത് എത്തിയത്. രണ്ടാംപാദത്തിൽ നാലാം മിനിറ്റിൽ അവർക്ക് തിരിച്ചടി കിട്ടി. ഹമീദ് ഫാതിയുടെ പിഴവുഗോളിൽ സെനെഗൽ മുന്നിലെത്തി. ഇതോടെ ഇരുപാദമത്സരം 1–-1ന് തുല്യമായി. നിശ്ചിത–-അധിക സമയങ്ങളിലും നില തുടർന്നതോടെ അന്തിമ വിധി ഷൂട്ടൗട്ടിലേക്ക്. സലായായിരുന്നു ഈജിപ്തിനായി ആദ്യ കിക്കെടുത്തത്. പിഴച്ചു. ഇരുടീമും ആദ്യ രണ്ട് അവസരങ്ങളും കളഞ്ഞു. എന്നാൽ, അവസാന മൂന്ന് പന്തും ലക്ഷ്യത്തിലെത്തിച്ച് സെനെഗൽ ജയമുറപ്പിച്ചു. മാനെയാണ് അവസാന കിക്ക് വലയിലെത്തിച്ചത്.
എതിർതട്ടകത്തിലെ ഗോളാനുകൂല്യത്തിലാണ് ഘാനയും കാമറൂണും കടന്നത്. ഘാന നൈജീരിയയേയും (1–-1), കാമറൂൺ റിയാദ് മഹ്റെസിന്റെ അൾജീരിയയെയും (2–-2) വീഴ്ത്തി. മൊറോക്കോ കോംഗോയെ 5–-2ന് തുരുത്തി. ടുണീഷ്യ മാലിയെ ഒരു ഗോളിന് തോൽപ്പിച്ചു.