കീവ്
തുർക്കിയിൽ കഴിഞ്ഞദിവസം നടന്ന അഞ്ചാംഘട്ട സമാധാന ചർച്ചയിൽ നിർണായക വഴിത്തിരിവുകൾ ഉണ്ടായിട്ടില്ലെന്ന് റഷ്യ. ചില പുരോഗതികൾ ഉണ്ടായി. ഉക്രയ്ൻ അവരുടെ നിലപാട് എഴുതി നൽകിയത് ഗുണപരമായ മാറ്റമാണ്. എന്നാൽ, അമിത പ്രതീക്ഷയ്ക്ക് വകയില്ല. ഇനിയും നിരവധി വിഷയങ്ങളിൽ വ്യക്തത വരേണ്ടതുണ്ടെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ക്രിമിയ, ഡോൺബാസ് വിഷയങ്ങളിൽ റഷ്യൻ നിലപാടിന് മാറ്റമില്ലെന്ന് ചർച്ച നയിച്ച റഷ്യൻ സംഘത്തിലെ പ്രധാനി വ്ലോദിമിർ മെഡിൻസ്കിയും പറഞ്ഞു.
കീവ്, ചെർണിഹിബ് എന്നിവിടങ്ങളിലെ സൈനികനീക്കങ്ങൾക്ക് അയവ് പ്രഖ്യാപിച്ചതോടെ ഉക്രയ്നിലെ കിഴക്കൻ, വടക്കൻ മേഖലകളിൽ ആക്രമണം രൂക്ഷമാക്കി റഷ്യ. കിഴക്കൻ ഉക്രയ്നിലെ ഡോൺബാസ് മേഖലയുമായി അതിർത്തി പങ്കിടുന്ന നഗരങ്ങളിലെല്ലാംതന്നെ റഷ്യൻ ഷെല്ലാക്രമണമുണ്ടായി.
മരിയൂപോൾ, പോപാസ്ന, റുബിൻഹെ നഗരങ്ങളിലും ശക്തമായ ആക്രമണമാണ്. ആഴ്ചകളായുള്ള റഷ്യൻ ബോംബാക്രമണത്തിൽ കത്തിക്കരിഞ്ഞ മരിയൂപോളിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. മരിയൂപോൾ പൂർണമായും കീഴടങ്ങിയാൽ ഷെല്ലാക്രമണം നിർത്താമെന്ന് റഷ്യ വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്. മധ്യ ഉക്രയ്നിലെ പ്രധാന എണ്ണ ഡിപ്പോ തകർത്തു. മികൊലെയ്വിൽ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ഇർപിനിൽ ഇതുവരെ 300 പേർ കൊല്ലപ്പെട്ടതായി മേയർ അറിയിച്ചു. ഉക്രയ്നിൽനിന്ന് പലായനം ചെയ്തവരുടെ എണ്ണം 40 ലക്ഷം കടന്നു.