തിരുവനന്തപുരം
സിൽവർലൈൻ പദ്ധതിക്കെതിരായ നുണപ്രചാരണങ്ങൾ വിവിധ കോടതികളുടെ നിലപാടിലൂടെ പൊളിഞ്ഞതോടെ പദ്ധതിക്കായി രംഗത്തിറങ്ങി നാട്ടുകാരും. കോൺഗ്രസിന്റെയും ബിജെപിയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും നേതാക്കൾ പരത്തിയ കള്ളങ്ങള് വിശ്വസിച്ചാണ് പലയിടത്തും വീട്ടമ്മമാർ ഉൾപ്പെടെ സമരത്തിനിറങ്ങിയത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ എൽഡിഎഫ് നേതാക്കളും പ്രവർത്തകരും ഈ പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച് യാഥാർഥ്യം ബോധ്യപ്പെടുത്തി. ഇതോടെ പലയിടത്തും മുമ്പ് തടയാനിറങ്ങിയ വീട്ടുകാർ തന്നെ ഇളക്കിയ കല്ലുകള് വീണ്ടുമിട്ടു. എതിർപ്പുകൾ ഉയർന്ന ചുരുക്കം പ്രദേശങ്ങളിലടക്കം ജനങ്ങളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്ന പ്രവർത്തനം തുടരുകയാണ്.
ചെങ്ങന്നൂർ, ചങ്ങനാശേരി, പന്തലാംപാടം, മാടപ്പള്ളി, കല്ലായി, മലപ്പുറം എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കല്ല് പിഴുതത്. ഇതില് പലയിടത്തും മൂന്നു ദിവസത്തിനിടെ പിഴുത സ്ഥാനങ്ങളിൽ കല്ലുകൾ പുനഃസ്ഥാപിച്ചു. മലപ്പുറത്തും ചെങ്ങന്നൂരിലും നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥലം ഉടമകൾ കല്ലുകൾ പുനഃസ്ഥാപിച്ചത്. ആരെങ്കിലും നിർബന്ധിച്ചതുകൊണ്ടല്ല, തങ്ങൾക്ക് ബോധ്യം വന്നതുകൊണ്ടാണ് കല്ലുകൾ പുനഃസ്ഥാപിച്ചതെന്ന് ഉടമകൾ മാധ്യമങ്ങളോട് പറയുകയും ചെയ്തു.
സ്ഥലം വിട്ടുകൊടുത്താൽ പകരം ഭൂമി കിട്ടില്ല, വീട് തരില്ല എന്നിങ്ങനെ കോൺഗ്രസ് നേതാക്കൾ വീട്ടിൽ വന്ന് ഭയപ്പെടുത്തിയെന്ന് സ്ഥലം ഉടമകൾ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാനായി ചില ചിത്രങ്ങളും കോൺഗ്രസ് നേതാക്കൾ കാണിച്ചെന്നും ഇവർ പറഞ്ഞു.
ബേപ്പൂരിൽ കുറ്റികൾ
വീണ്ടും സ്ഥാപിച്ച് ഉടമകള്
വികസന വിരുദ്ധർ പിഴുതെറിഞ്ഞ സർവേക്കല്ലുകൾ ബേപ്പൂർ മത്തോട്ടം മേഖലയിലെ സ്ഥല ഉടമകൾ പുനഃസ്ഥാപിച്ചു. തുലാമുറ്റം വയൽ പ്രദേശത്ത് ബുധൻ രാവിലെ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കുറ്റി സ്ഥാപിച്ചത്.
ഉടമകളായ തിരുത്തിയിൽ ഉഷാകുമാരി, വിമല തുടങ്ങിയവർ ചേര്ന്ന് കുറ്റി കുഴിച്ചിട്ടു. ഇവരുടെ സമ്മതമില്ലാതെയാണ് യുഡിഎഫ്, ബിജെപി പ്രവർത്തകർ കല്ലുകൾ പറിച്ചെറിഞ്ഞത്. മതിയായ നഷ്ടപരിഹാരവും സ്വന്തം നാട്ടിൽ പുനരധിവാസവും ഉറപ്പാക്കിയാൽ വികസനത്തിനായി വീടും ഭൂമിയുമെല്ലാം വിട്ടുനൽകുന്നതിൽ എതിർപ്പില്ലെന്ന അഭിപ്രായമാണ് കുടുംബങ്ങള്ക്ക്. അനുമതിയില്ലാതെ തങ്ങളുടെ ഭൂമിയിൽ കയറാൻ സമരക്കാരെ അനുവദിക്കുകയുമില്ലെന്നും അവര് പറഞ്ഞു. സമീപപ്രദേശമായ തൊപ്പിക്കാരന്റെ തൊടിക്ക് സമീപം സിപിഐ -എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷിന്റെ സാന്നിധ്യത്തിലായിരുന്നു നാട്ടുകാർ രണ്ടാമതും സർവേക്കല്ല് നാട്ടിയത്.