തിരുവനന്തപുരം
സമരചരിത്രത്തിൽ പുതിയൊരു വിജയപാഠമെഴുതിയ 48 മണിക്കൂർ പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികളെ പുച്ഛിച്ചും ആട്ടിയും ഉൾപ്പുളകിതരായി മലയാള മുഖ്യധാര മാധ്യമങ്ങൾ. ഹൈക്കോടതിയുടെ തീട്ടൂരത്തെയും തൊഴിലവകാശത്തെയും വാനോളം പുകഴ്ത്തിയ ഏതാനും മാധ്യമങ്ങൾ സമരത്തിനാധാരമായ വിഷയത്തെ മനപ്പൂർവം മറച്ചുവച്ചു. സാധാരണക്കാരുടെ ജീവിതം വറചട്ടിയിലാക്കുന്ന സാമൂഹ്യപ്രശ്നങ്ങളെ കണ്ടില്ലെന്നു നടിച്ചു.
ദിവസേന കുതിക്കുന്ന പെട്രോള്, ഡീസല്, പാചകവാതക വിലയില് എങ്ങനെ ജീവിക്കുമെന്നതിൽ ഇവർക്ക് ആശങ്കയില്ല. രാജ്യത്തെ തൊഴിലാളികൾ പണിയെടുത്ത് കെട്ടിപ്പടുത്ത വമ്പൻ പൊതുമേഖലാ സ്ഥാപനങ്ങൾ ‘റിബേറ്റ് ’നൽകി കോർപറേറ്റുകൾക്ക് തൂക്കിവിൽക്കുന്നതിലും തെറ്റ് കാണുന്നില്ല.
തൊഴിലാളി സംഘടനാ നേതാക്കളെ മുഖത്തടിക്കണമെന്നും ചോരവരുത്തണമെന്നും ആഹ്വാനം ചെയ്ത് അഭിരമിച്ചു ചില മാധ്യമ അവതാരകർ. പണിമുടക്ക് പൊളിക്കാൻ കച്ചകെട്ടി ഇറങ്ങിയവരെ പ്രോത്സാഹിപ്പിച്ച് കപട കണ്ണീർക്കഥകൾ തീർത്തു. കൂലി ഉപേക്ഷിച്ച് കേരളത്തിൽ പണിമുടക്കിൽ ആവേശപൂർവം പങ്കെടുത്ത ഒന്നരക്കോടിയിലധികം തൊഴിലാളികളെ അറപ്പോടെ കണ്ടും വിശേഷിപ്പിച്ചും ആക്ഷേപിച്ചു.
തൊഴിലാളികളെ എക്കാലവും കൊടിയ ശത്രുക്കളായി കാണുന്ന യുഡിഎഫ് പത്രം മനോരമ ‘മാലിന്യമുഖം’ പുറത്തു കാണിച്ചു. ഐതിഹാസിക പണിമുടക്കിനെ അവർ ‘തല്ലി, തകർത്തു, തുപ്പി’ എന്നാണ് വിശേഷിപ്പിച്ചത്. തൊഴിലാളിവർഗ സംഘടനാ പ്രവർത്തകർക്ക് നിരോധനം ഏർപ്പെടുത്തിയ കാലത്തോ സർ സിപിയുടെ കിരാത ഭരണകാലത്തോ തൊഴിലാളികളെ ഇങ്ങനെ ആരും ആക്ഷേപിച്ചിട്ടില്ല.
ബിഎംഎസ് ഒഴികെ ബഹുഭൂരിപക്ഷം തൊഴിലാളി സംഘടനകളും പണിമുടക്കിന് മുൻനിരയിലുണ്ടായിട്ടും സിഐടിയുവിന്റെ മാത്രം സമരമായി തെറ്റിദ്ധരിപ്പിക്കാൻ മാധ്യമങ്ങൾ നടത്തിയ ശ്രമവും ദുഷ്ടലാക്കാണ്. സംഘർഷമുണ്ടാക്കാനായി മനപ്പൂർവം പാപ്പനംകോട് കെഎസ്ആർടിസി ബസ് ഓടിച്ചതടക്കം പ്രകോപനമുണ്ടാക്കിയ ചുരുക്കം സ്ഥലങ്ങളിൽമാത്രമാണ് പ്രശ്നങ്ങളുണ്ടായത്. സമരങ്ങളുടെയും സമര സംഘടനകളുടെയും വിജയം കൂടിയാണ് ശത്രുവർഗത്തിന് പരവതാനി വിരിക്കുന്ന മാധ്യമങ്ങളുടെ കടുത്ത വിഷപ്രയോഗങ്ങൾ കാണിക്കുന്നത്.