താനൂർ
തന്റെ ഭൂമിയിൽനിന്ന് യുഡിഎഫ് സംഘം പിഴുതെറിഞ്ഞ കെ റെയിൽ സർവേക്കല്ലുകൾ പുനഃസ്ഥാപിച്ച് താനൂർ പുത്തൻതെരു സ്വദേശി ചേന്നല്ലൂർ ആഷിഖും ഭാര്യ ഉമ്മുസൽമയും. ജനങ്ങളെ ചേർത്തുപിടിച്ച സർക്കാരിലും മുഖ്യമന്ത്രി പിണറായി വിജയനിലും വിശ്വാസമുണ്ടെന്ന് പ്രഖ്യാപിച്ചായിരുന്നു ഇരുവരും സർവേക്കല്ല് പുനഃസ്ഥാപിച്ച് നാടിന് മാതൃകയായത്.
മാർച്ച് 11നാണ് ആഷിഖിന്റെ സ്ഥലത്ത് കെ റെയിൽ കുറ്റി സ്ഥാപിച്ചത്. ലീഗ് ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില് യുഡിഎഫ്–- ജമാഅത്തെ ഇസ്ലാമി സംഘം സർവേക്കല്ല് പറിച്ചെറിഞ്ഞു. സ്ഥലത്തില്ലാതിരുന്ന ആഷിഖ് സിപിഐ എം നേതാക്കളെ കണ്ട് കുറ്റി പുനഃസ്ഥാപിക്കാൻ സഹായിക്കണമെന്ന് പറഞ്ഞു. ബുധന് രാവിലെ നാട്ടുകാരുടെ പിന്തുണയോടെ ആഷിഖും ഭാര്യയും കുറ്റി അതേയിടത്തുതന്നെ സ്ഥാപിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഇ ജയനുള്പ്പെടെയുള്ള നേതാക്കൾ ഇവരെ അഭിനന്ദിച്ചു.
രണ്ടുവര്ഷം മുമ്പാണ് ഇവര് പുത്തൻതെരു പടിഞ്ഞാറ് ഭാഗത്ത് റെയിലിനോട് ചേര്ന്ന് ഏഴേകാല് സെന്റ് വാങ്ങിയത്. വീടിന് തറയും കെട്ടി. കെ റെയിൽ പദ്ധതി പ്രഖ്യാപിച്ചതോടെ താൽക്കാലികമായി വീടുനിർമാണം നിർത്തി. ഇപ്പോള് മൂന്നുമക്കള്ക്കൊപ്പം ഓലപ്പീടിക ഭാഗത്ത് വാടക വീട്ടിലാണ് താമസം. ദേശീയപാത, ഗെയിൽ പൈപ്പ് ലൈൻ പദ്ധതികളിൽ അർഹമായ നഷ്ടപരിഹാരം നൽകിയതുപോലെ തങ്ങൾക്കും ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് ആഷിഖ് പറഞ്ഞു. യുഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അതുകൊണ്ടാണ് അവർ പിഴുതെറിഞ്ഞ കുറ്റി പുനഃസ്ഥാപിച്ചതെന്നും ഉമ്മുസൽമയും പറഞ്ഞു.