പോർട്ടോ
ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പോർച്ചുഗലിനെയും ഇനി ഖത്തറിൽ കാണാം. ഖത്തർ ലോകകപ്പിൽ പന്ത് തട്ടാൻ ലയണൽ മെസിക്കും നെയ്മറിനുമൊപ്പം റൊണാൾഡോയും ചേരുന്നു. അന്തിമ യോഗ്യതാ പോരാട്ടത്തിൽ നോർത്ത് മാസിഡോണിയയുടെ കനത്ത ചെറുത്തുനിൽപ്പിനെ രണ്ട് ഗോളിന് മറികടന്നായിരുന്നു പോർച്ചുഗലിന്റെ മുന്നേറ്റം. ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ടഗോളിൽ അവർ കയറി. റോബർട്ട് ലെവൻഡോവ്സ്കിയും പീറ്റർ സീലിൻസ്കിയും ചേർന്ന് പോളണ്ടിനെ നയിച്ചു. സ്വീഡനെ രണ്ട് ഗോളിനാണ് പോളണ്ട് തോൽപ്പിച്ചത്.
ലോകകപ്പിന് ആകെ 27 ടീമുകൾ യോഗ്യത നേടിയപ്പോൾ ശേഷിക്കുന്ന അഞ്ച് സ്ഥാനത്തിനായി പോരാട്ടം തുടരും. എല്ലാ യോഗ്യതാ മത്സരങ്ങളും ജൂണിൽ അവസാനിക്കും. അതിനുമുമ്പായി നാളെ ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള നറുക്കെടുപ്പ് നടക്കും. ഇതുവരെയുള്ള റാങ്കിങ് അടിസ്ഥാനപ്പെടുത്തിയാണ് നറുക്കെടുപ്പ്.
നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ്. യൂറോപ്പിൽനിന്ന് 12 ടീമുകൾ ഇതിനകം യോഗ്യത നേടി. ഒരെണ്ണം ബാക്കി. സ്കോട്-ലൻഡ്–ഉക്രയ്ൻ പ്ലേ ഓഫ് സെമി ബാക്കിനിൽക്കുന്നു. ഇതിൽ ജയിക്കുന്ന ടീം ഫെെനലിൽ വെയ്ൽസുമായി കളിക്കും. ഈ മത്സരത്തിലെ ജേതാക്കൾ ഖത്തറിലേക്ക് പറക്കും.
ലാറ്റിനമേരിക്കയിൽ നാല് ടീമുകൾക്ക് യോഗ്യത കിട്ടി. പെറുവിന് പ്ലേ ഓ-ഫ് കളിക്കണം. ആഫ്രിക്കയിൽ അഞ്ച് ടീമുകൾ മുന്നേറിയപ്പോൾ ഏഷ്യയിൽനിന്ന് നാല് ടീമുകൾക്കാണ് നേരിട്ട് യോഗ്യത കിട്ടിയത്. അഞ്ചാമത്തെ ടീമിന് പ്ലേ ഓഫുണ്ട്. ഓസ്ട്രേലിയയും യുഎഇയും തമ്മിൽ കളിക്കും. ഇതിൽ ജയിക്കുന്ന ടീമിന് പെറുവാണ് എതിരാളികൾ. ജയിക്കുന്നവർ ലോകകപ്പിന്.
ഓഷ്യാനിയയിൽ ന്യൂസിലൻഡും സോളമൻ ഐസ-്-ലൻഡുമാണ് പ്ലേ ഓഫിൽ ഏറ്റുമുട്ടുക. ജയിക്കുന്ന ടീമിന് കോൺകാകാഫിലെ നാലാം സ്ഥാനക്കാരുമായി കളിക്കണം. കോൺകാകാഫിൽ ക്യാനഡ യോഗ്യത നേടി. ശേഷിക്കുന്ന രണ്ടുസ്ഥാനങ്ങൾക്കായി അമേരിക്കയും മെക്സിക്കോയുമുണ്ട്. കോസ്റ്ററിക്ക നിലവിൽ പ്ലേ ഓഫ് മേഖലയിലാണ്.
യൂറോപ്പിൽ ഇറ്റലിയാണ് അടിതെറ്റിയ വമ്പൻമാർ. പ്ലേ ഓഫ് സെമിയിൽ നോർത്ത് മാസിഡോണിയക്ക് മുന്നിൽ വീണു. മറ്റൊരു അട്ടിമറിക്ക് കോപ്പുകൂട്ടിയെത്തിയ മാസിഡോണിയ പോർച്ചുഗലിനെ വിഷമിപ്പിച്ചു. എന്നാൽ, ആദ്യപകുതിക്കുമുമ്പ് വരുത്തിയ പ്രതിരോധപ്പിഴവ് മാസിഡോണിയയുടെ പോരാട്ടം അവസാനിപ്പിച്ചു. റൊണാൾഡോയുടെയും ഫെർണാണ്ടസിന്റെയും നീക്കത്തിനൊടുവിലായിരുന്നു പോർച്ചുഗലിന്റെ ആദ്യഗോൾ. രണ്ടാമത്തേത് ദ്യേഗോ ജോട്ട ഒരുക്കിയ അവസരത്തിൽ ഫെർണാണ്ടസ് ലക്ഷ്യം കാണുകയായിരുന്നു.
പോർച്ചുഗലിന്റെ തുടർച്ചയായ ആറാം ലോകകപ്പാണിത്. റൊണാൾഡോയുടെ 186–ാം മത്സരമായിരുന്നു ഇത്. മാസിഡോണിയക്കെതിരെ ഈ മുപ്പത്തേഴുകാരൻ നല്ല കളി പുറത്തെടുത്തു. സ്വീഡനെതിരെ രണ്ടാംപകുതിയിലായിരുന്നു പോളണ്ടിന്റെ രണ്ട് ഗോളും. ലെവൻഡോവ്സ്കിയുടെ പെനൽറ്റിയിലൂടെയായിരുന്നു തുടക്കം.