ദുബായ്> ലോക രാജ്യങ്ങൾക്ക് ആറു മാസക്കാലം ആതിഥേയത്വം നൽകിയ എക്സ്പോ 2020 ദുബായ് ഉജ്ജ്വല സമാപനത്തിനൊരുങ്ങുന്നു. വേൾഡ് എക്സ്പോയുടെ അവിസ്മരണീയമായ തുടക്കത്തിന് വേദിയായ അൽ വാസൽ പ്ലാസയിൽ മാർച്ച് 31 ന് നടക്കുന്ന സമാപന ചടങ്ങോടെ എക്സ്പോ 2020 യ്ക്ക് തിരശ്ശീല വീഴും.
നഗരിയിലുടനീളം പ്രധാന സ്റ്റേജുകൾ, ഫെസ്റ്റിവൽ ഗാർഡൻ, വിവിധ കൺട്രി പവലിയനുകൾ എന്നിവിടങ്ങളിലായി 20-ലധികം ഭീമൻ സ്ക്രീനുകളാണ് സമാപന ചടങ്ങുകൾ പ്രദർശിപ്പിക്കുന്നതിന് ഒരുക്കിയിരിക്കുന്നത്. പോപ്പ് ഇതിഹാസം ക്രിസ്റ്റിന അഗ്വിലേറ, ഗ്രാമി ജേതാവും ഗാനരചയിതാവും പിയാനിസ്റ്റുമായ നോറ ജോൺസ്. ഗ്രാമി ജേതാവായ സെലിസ്റ്റ് യോ-യോ-മാ എന്നിവരുടെ അതിശയകരമായ പ്രകടനങ്ങൾ സമാപനത്തോടനുബന്ധിച്ചു ഒരുങ്ങും. ജൂബിലി സ്റ്റേജിലും ദുബായ് മില്ലേനിയം ആംഫി തിയറ്ററിലുമായിട്ടാണ് പ്രസ്തുത കലാപ്രകടനങ്ങളും കൺസേർട്ടുകളും അരങ്ങേറുന്നത്. 182 ദിവസത്തെ അനുഭവത്തിലൂടെ ആർജിച്ചതും നേടിയതുമായ അറിവും കഴിവുകളും പ്രേക്ഷകർക്കായി അവതരിപ്പിച്ചുകൊണ്ട് യുവ ഇമറാത്തി പെൺകുട്ടി ഒരുക്കുന്ന അത്ഭുത കലാവിരുന്നും സമാപന ദിനത്തിൽ ഉണ്ടാകും.
സമാപന ചടങ്ങിലെ പരിപാടികൾക്ക് 56 രാജ്യങ്ങളിൽ നിന്നുള്ള 400-ലധികം പ്രൊഫഷണലുകളും സന്നദ്ധപ്രവർത്തകരും അണിനിരക്കും. യുഎഇ ആസ്ഥാനമായുള്ള കുട്ടികളുടെ ഗായകസംഘത്തിലെ 40 അംഗങ്ങൾ യുഎഇയുടെ ദേശീയ ഗാനമായ ഇഷി ബിലാദി അവതരിപ്പിക്കും, യാസ്മിന സബ്ബാ യുടെ നേതൃത്വത്തിൽ വനിതാ ഫിർദൗസ് ഓർക്കസ്ട്രയും ഇതിനോടൊപ്പം ചേരും. സംഗീത മാന്ത്രികൻ ഹാറൂത്ത് ഫസ്ലിയാന്റെ നേതൃത്വത്തിലുള്ള 16 പ്രതിഭാധനരായ അന്താരാഷ്ട്ര സംഗീതജ്ഞരുടെ കൂട്ടായ്മയായ എക്സ്പോ 2020 വേൾഡ് സ്ട്രിംഗ് എൻസെംബിളും, ഇറ്റാലിയൻ പിയാനിസ്റ്റായ എലിനോറ കോൺസ്റ്റാന്റിനിയും സന്ദർശകർക്കായി കലാവിരുന്ന് ഒരുക്കും. രാത്രി മുഴുവൻ തുടരുന്ന ആഘോഷപരിപാടികൾക്കൊപ്പം അർധരാത്രിയോടെ അതിശയിപ്പിക്കുന്ന കരിമരുന്നു പ്രയോഗവും ഉണ്ടായിരിക്കും.
മാർച്ച് 19ലെ കണക്കു പ്രകാരം രണ്ടു കോടി ജനങ്ങളാണ് എക്സ്പോ നഗരിയിൽ എത്തിയത്. സമാപന നാളുകളിലെ കണക്കെടുക്കുമ്പോൾ ഇത് ഇനിയും വർധിക്കും. എക്സ്പോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിയന്ത്രിക്കാനാവാത്ത ജനക്കൂട്ടമാണ് എക്സ്പോ നഗരിയിലെത്തുന്നത്. യാത്രക്കാർക്കായി അധിക ബസ്സുകളും, ട്രെയിൻ സർവീസുകളും ഏർപ്പെടുത്തി എല്ലാവര്ക്കും എക്സ്പോ നഗരിയിൽ എത്താനുള്ള സൗകര്യമാണ് അധികാരികൾ ഒരുക്കിയിരിക്കുന്നത്.
സമാനതകളില്ലാത്ത സാംസ്കാരിക, വിദ്യാഭ്യാസ, വിനോദ അനുഭവങ്ങൾ സംയോജിപ്പിച്ചുകൊണ്ട് 192 രാജ്യങ്ങൾ അവരുടെ രാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച പ്രകടനങ്ങളുമായി എക്സ്പോ വേദിയിൽ എത്തി. അറബ് ലോകത്ത് ഇതുവരെ നടന്നിട്ടില്ലാത്ത ഏറ്റവും വലിയ ഈവന്റ് ആണ് എക്സ്പോ 2020 ദുബായ്. ലോകനേതാക്കൾ, അത്യാധുനിക കണ്ടുപിടുത്തങ്ങൾ, കായിക താരങ്ങൾ, ഗ്രാമി അവാർഡ് നേടിയ കലാകാരന്മാർ, അവിശ്വസനീയമായ വാസ്തുവിദ്യകൾ, അറബ് സൂപ്പർസ്റ്റാറുകൾ, നൂതന ഫോറങ്ങൾ, ആഗോള പാചകരീതി എന്നിവയെല്ലാമടങ്ങുന്ന 32,000 പരിപാടികളും എണ്ണമറ്റ ആകർഷണങ്ങളുമാണ്.എക്സ്പോ 2020 ദുബായിൽ അരങ്ങേറിയത്. 18 വയസ്സിന് താഴെയുള്ള കുട്ടികൾ 2.8 ദശലക്ഷത്തിലധികം തവണ സന്ദർശിച്ചിട്ടുണ്ടെന്ന് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നു, സമാപന ദിനങ്ങളിൽ ഉയർന്ന നിലവാരമുള്ള വിനോദ പരിപാടികളാണ് അരങ്ങേറുന്നത്.