തൂക്കികൊല്ലുന്നതിന് മുന്‍പ് കയ്യൂര്‍ സഖാക്കള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പി സി ജോഷിക്കെഴുതി, “രാജ്യത്തിന് വേണ്ടി മരിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. ഞങ്ങള്‍ ഭീരുക്കളല്ല. യഥാര്‍ത്ഥ ദേശാഭിമാനികളാണ്. ഞങ്ങളുടെ ജീവത്യാഗം ഭാവിതലമുറ എന്നെന്നും അനുസ്മരിക്കും. നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി മരിക്കുന്നതില്‍ ഞങ്ങള്ക്കഭിമാനമെയുള്ളൂ. ഭഗത് സിംഗിനെ പോലുള്ളവരുടെ ധീര ജീവിതം ഞങ്ങള്‍ക്കാവേശം നല്കുന്നു. ഞങ്ങള്‍ക്ക് ബേജാറില്ല, വ്യസനമില്ല. നാട്ടിലെ ധീരരക്തസാക്ഷികളുടെ ചരിത്രം ഞങ്ങള്‍ക്ക് ആവേശം പകരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി നീണാൾ ജയിക്കട്ടെ.”
ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത ‘മീനമാസത്തിലെ സൂര്യന്’ ആരംഭിക്കുന്നത് കയ്യൂര്‍ സഖാക്കളുടെ ഈ ധീരോദാത്ത നിലപാടിനെ ദൃശ്യ വത്ക്കരിച്ചുകൊണ്ടാണ്. ‘അവസാനമായി നിങ്ങള്‍ക്ക് എന്തെങ്കിലും ആഗ്രഹമുണ്ടോ’ എന്ന ജയിലറുടെ ചോദ്യത്തിന് കയ്യൂര്‍ സഖാക്കള്‍ നല്കുന്ന മറുപടി ഇങ്ങനെയാണ്. “ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടണം. ജന്മിത്വം അവസാനിപ്പിക്കണം.” പശ്ചാത്താപത്തിന് എന്തെങ്കിലും പൂജകളോ വഴിപാടുകളോ നടത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിന് അവരുടെ ഉറച്ച മറുപടി വന്നു. “ഞങ്ങള്‍ക്ക് പശ്ചാത്താപമില്ല. പാപം ചെയ്തവരല്ലേ പശ്ചാത്തപിക്കേണ്ടത്. ഞങ്ങള്‍ പാപം ചെയ്തിട്ടില്ല.”
ലെനിൻ രാജേന്ദ്രൻ
1939ല്‍ പിണറായിയിലെ പാറപ്രത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം രൂപീകരിക്കപ്പെട്ടതിന് പിന്നാലെ മലബാറിലും തിരുവിതാംകൂറിലും അതിശക്തമായ കര്‍ഷക-തൊഴിലാളി സമരങ്ങള്‍ അലയടിച്ചുയര്‍ന്നു. ആ വിപ്ലവ ചരിത്ര ഗാഥയിലെ ആവേശോജ്ജ്വല ഏടാണ് ജന്മിത്വ ചൂഷണത്തിനെതിരെയും അതിനെ സംരക്ഷിക്കുന്ന ബ്രിട്ടീഷ് ദുര്‍ഭരണത്തിനെതിരെയും കയ്യൂരിലെ ഗ്രാമീണര്‍ നടത്തിയ ഉജ്ജ്വല പോരാട്ടം. മഠത്തില്‍ അപ്പു, ചിരുകണ്ടന്, കുഞ്ഞമ്പു നായര്‍, അബൂബക്കര്‍… നാല് യുവവിപ്ലവകാരികളാണ് ബ്രിട്ടീഷ് നീതിന്യായ സംവിധാനത്തിന്റെയും ജന്മിത്വ സ്വേച്ഛാധിപത്യത്തിന്റെയും ഇരകളായി തൂക്കിലേറ്റപ്പെട്ടത്. മുഖ്യധാരാ ചരിത്രം എങ്ങനെയൊക്കെ തമസ്ക്കരിക്കാന്‍ ശ്രമിച്ചാലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സമുജ്ജ്വല ദിനങ്ങളില്‍ ഒന്നാണ് 1943 മാര്‍ച്ച് 29.
മീനമാസത്തിലെ സൂര്യൻ എന്ന ചിത്രത്തിൽ കെ പി എ സി സണ്ണി, വേണു നാഗവള്ളി, വിജയ്മേനോൻ കക്കരവി, മുരളി എന്നിവർ
കന്നഡ സാഹിത്യകാരന് നിരഞ്ജനയുടെ ‘ചിരസ്മരണ’ എന്ന നോവലാണ് കയ്യൂരിന്റെ ഇതിഹാസം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച ആദ്യ സാഹിത്യകൃതി. വി. വി. കുഞ്ഞമ്പു എഴുതിയ ‘കയ്യൂര്‍ സമര ചരിത്രം’ ഈ പ്രക്ഷോഭ കാലത്തിന്റെ മറ്റൊരു രേഖപ്പെടുത്തലാണ്. ഇതിന് പിന്നാലെ കയ്യൂരിന്റെ കഥ അഭ്രപാളിയിലെത്തിക്കാന്‍ പ്രമുഖ സംവിധായകര്‍ തന്നെ രംഗത്തെത്തി. മൃണാള്‍ സെന്നും ജോണ്‍ എബ്രഹാമും. ഒടുവില്‍ 1986 ഡിസംബര്‍ 25നു വെള്ളിത്തിരയില്‍ എത്തിയ ‘മീനമാസത്തിലെ സൂര്യ’നാണ് കയ്യൂരിന്റെ കഥ സിനിമാ ഭാഷയില്‍ പറഞ്ഞത്. അത് സാക്ഷാത്ക്കരിച്ചത് എക്കാലവും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം നിന്നിട്ടുള്ള പ്രശസ്ത സംവിധായകന് ലെനിന് രാജേന്ദ്രനും.
നടക്കാതെ പോയ രണ്ട് ‘കയ്യൂരു’കള്‍
1977ല്‍ പ്രശസ്ത ബംഗാളി സംവിധായകന് മൃണാള്‍ സെന്‍ കേരളത്തില്‍ എത്തി. ജനശക്തി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന കയ്യൂര്‍ സമര കഥയുടെ ആലോചനകള്‍ക്കാണ് സെന്നിന്റെ വരവ്. ആ യാത്രയില്‍ സെന്‍ കയ്യൂരും സന്ദര്‍ശിച്ചു. ആ സന്ദര്‍ശന വേളയില്‍,
കയ്യൂർ രക്തസാക്ഷി മണ്ഡപം
പ്രായപൂര്‍ത്തി ആയില്ല എന്ന കാരണം കൊണ്ട് തൂക്കുകയറില്‍ നിന്നും രക്ഷപ്പെട്ട ചൂരിക്കാടന്‍ കൃഷ്ണന് നായരെ ആശ്ലേഷിക്കുമ്പോള്‍ മൃണാള്‍ സെന്‍ തലയില്‍ ഒരു പാളത്തൊപ്പി ധരിച്ചിരുന്നു. ഒരു കയ്യൂര്‍ കര്‍ഷകന്റേത് പോലെ.
ചെറുകാടിന്റെ ‘ദേവലോക’മായിരുന്നു ജനശക്തി ഫിലിംസിന്റെ ആദ്യത്തെ സിനിമാ പദ്ധതി. എംടിയുടേതാണ് തിരക്കഥയും സംവിധാനവും. ‘കയ്യൂരും’ ‘ദേവലോക’വും ഒരേ സമയത്ത് തന്നെ തുടങ്ങാനാണ് ജനശക്തിയുടെ സംഘാടകര്‍ ആലോചിച്ചതെങ്കിലും ആദ്യം ‘ദേവലോകം’ നടക്കട്ടെ എന്നു മൃണാള്‍ സെന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സാമ്പത്തിക പരാധീനതയില്‍ ‘ദേവലോകം’ പാതിയില്‍ മുടങ്ങി. മൃണാള്‍ സെന്നിന്റെ കയ്യൂര്‍ സിനിമാ സ്വപ്നവും എരിഞ്ഞടങ്ങി.
മലയാളത്തിലെ എക്കാലത്തെയും ശക്തമായ രാഷ്ട്രീയ സിനിമയായ ‘അമ്മ അറിയാനി’ലൂടെ സിനിമാ നിര്‍മ്മാണത്തിലും ലാവണ്യ ശാസ്ത്രത്തിലും പുതിയ അധ്യായം എഴുതിയ ജോണ്‍ എബ്രഹാം ആയിരുന്നു കയ്യൂര്‍ സിനിമ ആക്കണം എന്നാഗ്രഹിച്ച മറ്റൊരു ചലച്ചിത്രകാരന്. ആ സിനിമയുടെ ആദ്യ ദൃശ്യം വരെ ജോണ്‍ ചിത്രീകരിച്ചിരുന്നു. പൂര്‍ണ്ണമായും കയ്യൂരില്‍ വെച്ചു ചിത്രീകരിക്കണം എന്നായിരുന്നു ജോണിന്റെ ആഗ്രഹം. ഈ കാര്യം സൂചിപ്പിച്ചുകൊണ്ട് കയ്യൂരിലെ സി പി എം ലോക്കല്‍ സെക്രട്ടറിക്ക് ജോണ്‍ കത്തെഴുതി.
“സഖാവേ, കയ്യൂര്‍ സമരം ചലച്ചിത്രമാക്കാനുള്ള എന്റെ എളിയ ശ്രമങ്ങളെപ്പറ്റി അറിഞ്ഞിരിക്കുമല്ലോ. ചിത്രം പൂര്‍ണ്ണമായും കയ്യൂരില്‍ വെച്ചുതന്നെ ഷൂട്ട് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. അങ്ങനെയാണെങ്കില്‍ മാത്രമേ കയ്യൂര്‍ സമരത്തിന്റെ യാഥാര്‍ഥ സത്ത ആവിഷ്ക്കരിക്കാന്‍ കഴിയുകയുള്ളൂ എന്നു ഞാന്‍ കരുതുന്നു.”
എന്നാല്‍ ആ ചലച്ചിത്ര ഉദ്യമവും പല കാരണങ്ങളാല്‍ നടക്കാതെ പോവുകയായിരുന്നു.
മീനമാസത്തിലെ സൂര്യന് ഉദിക്കുന്നു
മൃണാള്‍ സെന്നിന്റെ കയ്യൂര്‍ സിനിമാ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നെങ്കിലും ജനശക്തി ഫിലിംസിന്റെ പ്രധാന ചാലക ശക്തികളില്‍ ഒരാളായിരുന്ന ചാത്തുണ്ണി മാഷുടെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു കയ്യൂര്‍ വിപ്ലവകാരികളെ കുറിച്ചുള്ള സിനിമ. “ഞാനീ സിനിമ ചെയ്യേണ്ടിവന്നത് ചാത്തുണ്ണി മാഷുടെ പ്രേരണ കൊണ്ടാണ്.” ലെനിന് രാജേന്ദ്രന് ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നുണ്ട്.
“വി.വി. കുഞ്ഞമ്പുവിന്റെ ‘കയ്യൂർ സമരചരിത്രത്തെ അടിസ്ഥാനമാക്കിയാണ് എന്റെ പഠനങ്ങളൊക്കെ നടന്നത്. ദേശാഭിമാനിയുടെ വാർഷികപ്പതിപ്പിലും മറ്റും വന്നിരുന്ന കുറെ ആളുകളുടെ അനുഭവങ്ങളും വായിച്ചിരുന്നു. കെ.പി. വെള്ളുന്നി, അമ്പാടി കുഞ്ഞി, ചൂരിക്കാടൻ കൃഷ്ണൻ നായർ എന്നിവരെ എനിക്ക് നേരിട്ട് കാണാൻ കഴിഞ്ഞു. ആയിരത്തോളം ഗ്രാമീണർ ഒത്തുകൂടുകയും മുന്നിലകപ്പെട്ട ഒരു പൊലീസുകാരനെ ഓടിക്കുകയും പുഴയിൽ ചാടിയ അയാൾ മുങ്ങിമരിക്കുകയും ചെയ്യുന്നതാണല്ലോ നാല് സഖാക്കളെ തൂക്കിലേറ്റാൻ ഇടയാക്കിയത്.
ബാലൻ കെ നായർ
സമരത്തിന്റെ മുൻപന്തിയിലു ള്ളവരൊന്നുമായിരുന്നില്ല. തൂക്കിലേറ്റപ്പെട്ട ആ സഖാക്കൾ ഇതെങ്ങനെ സംഭവിച്ചു എന്നായിരുന്നു എന്റെ പ്രധാന സംശയം. ഒരു ജനക്കൂട്ടത്തിന് ഒന്നാകെ ഉത്തരവാദിത്വമുള്ള ഒരു സംഭവത്തിൽ നേതാക്കന്മാർ പോലുമല്ലാതിരുന്നിട്ടും നാലുപേർ മാത്രം കുറ്റവാളികളാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തതിന്റെ ന്യായീകരണത്തെക്കുറിച്ചുള്ള എന്റെ സംശയത്തിന് തൃപ്തികരമായ ഒരുത്തരം എനിക്ക് കിട്ടിയിരുന്നില്ല. അങ്ങനെയാണ് ഞാനവരുടെ ചെറുപ്പത്തിന്റെ ഉശിരിലേക്കും തീവ്രമായ വിപ്ലവബോധത്തിലേക്കും അന്വേഷിച്ചെത്തുന്നത്. ”
മാഷ് ഉഴുതുമറിച്ചിട്ട പുതുമണ്ണ്
കയ്യൂരിന്റെ മണ്ണിനെ വിപ്ലവത്തിന് പാകമാക്കി ഉഴുതുമറിച്ചിടുന്നത് ഭരത് ഗോപി അവതരിപ്പിക്കുന്ന മാഷ് എന്ന കഥാപാത്രമാണ്. കയ്യൂരിലെ ജന്മിയായ വല്യശമാന്റെ (കരമന ജനാര്ദ്ദനന്) സ്കൂളിലെ അദ്ധ്യാപകനാണ് മാഷ്.
ഭരത് ഗോപി
നാട്ടിലെ എന്തിനും ഏതിനും മാഷുണ്ട്. മക്കളുടെ വിവാഹ കാര്യങ്ങള്‍ അടക്കം എന്നും ജനങ്ങള്‍ വിശ്വാസത്തോടെ വന്നു പറയുന്നതു മാഷുടെ അടുത്താണ്. പനിയോ മറ്റ് അസുഖങ്ങളോ വന്നാല്‍ മാഷ് കൊടുക്കുന്ന ആയുര്‍വേദ മരുന്ന് കഴിക്കാനാണ് അവര്‍ ഓടിയെത്തുന്നത്. പകല്‍ മുഴുവന്‍ പാടത്തും പറമ്പിലും അദ്ധ്വാനിക്കുന്നവരെ അക്ഷരം പഠിപ്പിക്കാന്‍ മാഷ് നിശാപാഠശാല നടത്തുന്നുണ്ട്. അതിനു മാഷ് പറയുന്ന കാരണം ഇതാണ്, “പഠിച്ചവരെ ഭരണാധികാരികള്‍ക്ക് ഭയമാണ്. കാരണം പഠിച്ചവര്‍ ഭരണാധികാരികളുടെ തെറ്റിന് നേരെ വിരല്‍ ചൂണ്ടും.”
മാഷുടെ നേതൃത്വത്തില്‍ യുവാക്കളായ ചിരുകണ്ടനും മറ്റും ഗ്രാമീണര്‍ക്ക് ഉച്ചത്തില്‍ പത്രം വായിച്ചു കൊടുക്കുന്നുണ്ട്. നാട്ടിടവഴികളിളോടെ പത്രത്തിന്റെ തലക്കെട്ട് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു കൃഷ്ണന്‍നായര്‍ നടക്കുന്നതു മാഷുടെ നിര്‍ദ്ദേശ പ്രകാരമാണ്. പാടത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ വാര്‍ത്തയുടെ തലക്കെട്ട് എങ്കിലും കേള്‍ക്കുമല്ലോ!
ശോഭന
നിശാപാഠശാല നടത്തുന്നത് അറിഞ്ഞു മാഷെ വിളിപ്പിച്ച ജന്മി ചോദിക്കുന്നത് പാഠശാലയില്‍ റഷ്യയെ പറ്റി പഠിപ്പിക്കുന്നുണ്ടോ എന്നാണ്.
താന്‍ കോണ്ഗ്രസ്സുകാരന് ആണെന്ന് ആവര്‍ത്തിച്ചു പറയുന്ന ജന്മി അക്ഷരാഭ്യാസമില്ലാത്തവരെ പറ്റിക്കുന്നു എന്നു പഴി കേള്‍ക്കാതിരിക്കാനാണ് സ്കൂള്‍ തുടങ്ങിയത് എന്നു മാഷോട് പറയുന്നു. കര്‍ഷക സംഘം വളര്‍ത്താന്‍ വേണ്ടി മാഷ് അവസരം ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് ജന്മി സ്കൂള്‍ അടച്ചുപൂട്ടുന്നു. അതോടെ കയ്യൂരിനോട് യാത്ര പറഞ്ഞു മാഷ് പോകുകയാണ്. എന്നാല്‍ കയ്യൂരിന്റെ മണ്ണില്‍ ഉശിരന്മാരായ വിപ്ലവകാരികളെ മുളപ്പിച്ചാണ് മാഷ് വിടപറയുന്നത്. മഠത്തില്‍ അപ്പു (വേണു നാഗവള്ളി) ചിരുകണ്ടന് (വിജയ് മേനോന്) അബൂബക്കര്‍ (മുരളി) കുഞ്ഞമ്പു നായര്‍ (കക്ക രവി). ഇവരാണ് കയ്യൂരിന്റെ കഥ ചരിത്രത്തിന്റെ താളില്‍ രേഖപ്പെടുത്തിയ വിപ്ലവകാരികള്‍.
യുദ്ധവും ക്ഷാമവും
ലോകം രണ്ടാം ലോക യുദ്ധത്തിന്റെ മധ്യത്തില്‍ കൈകാലിട്ടടിക്കുന്ന കാലം. യുദ്ധത്തിന്റെ കെടുതികളുടെയും മനുഷ്യ ജീവിത ദൈന്യതയുടെയും വാര്‍ത്തകളാണ് പത്രത്തില്‍ നിറയെ. എങ്ങും ഭക്ഷ്യ ക്ഷാമവും പട്ടിണിയും. ഈ പ്രക്ഷുബ്ധമായ സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തെ രസകരമായ ഒരു സന്ദര്‍ഭത്തിലൂടെ ലെനിന് രാജേന്ദ്രന് അവതരിപ്പിക്കുന്നുണ്ട്.
“എന്താ കക്ഷത്തില്‍?” പാടത്ത് പണിയെടുക്കുന്ന കര്‍ഷകര്‍ ചിരുകണ്ടന്റെ അച്ഛന് പൊക്കായിയോട് ചോദിച്ചു.
മുരളി
“പത്രം..” പൊക്കായി അഭിമാനത്തോടെ പറഞ്ഞു.
“എന്താ പത്രത്തില്‍…?”
“യുദ്ധം..”
പൊക്കായി പറഞ്ഞു.
എന്നാ ഒന്നു വായിച്ചാട്ടെ എന്നായി കര്‍ഷക തൊഴിലാളികള്‍
വായിക്കാനറിയാതെ പൊക്കായി ചമ്മുന്നുണ്ടെങ്കിലും ഹിറ്റ്ലറുടെ വിമാനം വെടിവെച്ചിട്ടു എന്ന വാര്‍ത്ത പത്രത്തില്‍ ഉണ്ട് എന്നു പൊക്കായി പറയുന്നു. കൂടുതല്‍ അറിയണമെങ്കില്‍ കര്‍ഷക സംഘം ആപ്പീസില് വരണമെന്നും പത്രം വായിക്കുന്നത് കേള്‍ക്കണമെന്നും പൊക്കായി തൊഴിലാളികളെ ഉപദേശിക്കുന്നുണ്ട്.
മറ്റൊരു സന്ദര്‍ഭത്തില്‍ രാത്രിയുടെ മറവില്‍ ജന്മിമാര് നെല്ല് കടത്തുന്നത് കുഞ്ഞമ്പു നായരുടെ നേതൃത്വത്തില്‍ കര്‍ഷക സംഘം പ്രവര്‍ത്തകര്‍ തടയുന്നതുകാണാം. ജനങ്ങള്‍ പട്ടിണി കൊണ്ട് പൊറുതിമുട്ടുമ്പോള്‍ ജന്മി നെല്ല് പൂഴ്ത്തിവെക്കുകയും കരിഞ്ചന്തയില്‍ വില്‍ക്കുകയും ചെയ്യുകയാണ്. 1940കളില്‍ വടക്കേ മലബാറില്‍ ജന്മിമാരുടെ പത്തായം പിടിച്ചെടുത്തും കാളവണ്ടികള്‍ തടഞ്ഞും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കര്‍ഷക തൊഴിലാളികള്‍ നടത്തിയ ഉശിരന്‍ പ്രക്ഷോഭങ്ങളെ അടയാളപ്പെടുത്തുകയാണ് സംവിധായകന് ഇവിടെ. കണ്ണൂരിലെ തില്ലങ്കേരിയിലും പഴശ്ശിയിലും മറ്റും നടന്ന വെടിവെപ്പുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ ഒരു ചരിത്രത്തിനും തമസ്ക്കരിക്കാന്‍ കഴിയില്ല എന്നു ലെനിന് പരോക്ഷമായി ഓര്‍മ്മിപ്പിക്കുന്നു.
കയ്യൂരില്‍ നടന്നത് സ്വാതന്ത്ര്യ സമരം
സുബ്ബരായന്‍ എന്ന അക്രമിയായ ഒരു പോലീസുകാരന്റെ അപ്രതീക്ഷിത മരണം ഉണ്ടാക്കിയ യാദൃശ്ചിക സംഭവമല്ല കയ്യൂര്‍ പോരാട്ടം. അത് നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ പോരാട്ടമാണത്. സാമ്രാജ്യത്വം തുലയട്ടെ, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് കര്‍ഷക സംഘം പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നത്.
അച്ചന്‍കുഞ്ഞ്
ജന്മിക്ക് വേണ്ടി കര്‍ഷകരെ മൃഗീയമായി പീഡിപ്പിക്കുന്നത് ബ്രിട്ടിഷ് പോലീസാണ്. ജന്മിയും ബ്രിട്ടിഷ് ഭരണകൂടവും ഒരേ തരം വര്‍ഗ്ഗ സ്വഭാവം കയ്യാളുന്ന ഭരണകൂടത്തിന്റെ ഭാഗമാണ് എന്നു കയ്യൂരിലെ ജനത മനസിലാക്കി കഴിഞ്ഞിരുന്നു. അത് സംശയലേശമന്യേ അവതരിപ്പിക്കാന്‍ ലെനിന് രാജേന്ദ്രന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് മലയാളത്തില്‍ ഇറങ്ങിയ കമ്യൂണിസ്റ്റ് സിനിമകളില്‍ ‘മീനമാസത്തിലെ സൂര്യ’നെ മുന്‍നിരയില്‍ എത്തിക്കുന്നത്.
ഷാജി എന്‍ കരുണ്‍
.മികച്ച ദൃശ്യാനുഭവം
ഷാജി എന്‍ കരുണ്‍
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്ര വഴികള്‍ അടയാളപ്പെടുത്തിയ നിരവധി ചലച്ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും മികച്ച ദൃശ്യാനുഭവമാണ് ‘മീനമാസത്തിലെ സൂര്യന്’. പ്രശസ്ത ക്യാമറമാന് ഷാജി എന്‍ കരുണ്‍ കയ്യൂരില്‍ നിന്നൊപ്പിയെടുത്ത ദൃശ്യങ്ങള്‍ എടുത്തുപറയേണ്ട ഒന്നാണ്. കയ്യൂരിന്റെ പ്രകൃതിയേയും മനുഷ്യരേയും എക്കാലത്തേക്കും വേണ്ടി ചരിത്രത്തില്‍ അടയാളപ്പെടുത്തുകയായിരുന്നു ഷാജിയുടെ ക്യാമറ. 1979ല്‍ അരവിന്ദന്റെ കുമ്മാട്ടിക്ക് വേണ്ടി കയ്യൂരിന്റെ സമീപ ഗ്രാമമായ ചീമേനിയില്‍ വന്നു ക്യാമറ ചലിപ്പിച്ചിട്ടുണ്ട് ഷാജി എന്‍ കരുണ്‍.
മീനമാസത്തിലെ സൂര്യനെ വിജയമാക്കുന്നതില്‍ അതിലെ അഭിനേതാക്കള്‍ വഹിച്ച പങ്കിനെ എത്ര
എം ബി ശ്രീനിവാസൻ
ശ്ലാഘിച്ചാലും മതിയാവില്ല. ഭരത്ഗോപിയുടെ മാഷും നെടുമുടി വേണു അവതരിപ്പിച്ച പൊക്കായി എന്ന കര്‍ഷക തൊഴിലാളിയും മലയാള സിനിമയിലെ അവിസ്മരണീയ കഥാപാത്രങ്ങളായി. വിപ്ലവത്തിന്റെ അമ്മമാര്‍ എന്ന രൂപകത്തെ അക്ഷരാര്‍ത്ഥത്തില്‍ അനുഭവിപ്പിക്കുകയായിരുന്നു അബൂബക്കറിന്റെ ഉമ്മയായി വന്ന സുകുമാരിയും ചിരുകണ്ടന്റെ അമ്മയെ അവതരിപ്പിച്ച കെ പി എ സി ലളിതയും. വിപ്ലവത്തിന്റെ എതിര്‍പക്ഷത്തെ പ്രതിനായക വേഷങ്ങള്‍ കരമന ജനാര്ദ്ദനന് (ജന്മി) ബാലന് കെ. നായര്‍ (പോലീസ് ഓഫീസര്‍), ഇന്നസന്റ് (അധികാരി), സുബ്ബരായന്‍ (അച്ചന്‍കുഞ്ഞ് ) എന്നിവരില്‍ ഭദ്രം.
‘മീനമാസത്തിലെ സൂര്യനി’ലെ മറ്റൊരു ആകര്‍ഷണം അതിലെ പാട്ടുകളാണ്. ഒ എന്‍ വി എഴുതിയ കയ്യൂരിനെ അവതരിപ്പിക്കുന്ന “മാരിക്കാര്‍ മേയുന്ന മൌനാംബരത്തിന്റെ താഴത്തൊരു തുണ്ട് ഭൂമി” എന്ന ഗാനവും ഏഴാച്ചേരി രാമചന്ദ്രന് എഴുതിയ “ഏലേലം കിളിമകളെ” എന്ന പ്രണയ ഗാനവും അതീവ ഹൃദ്യമാണ്.എം ബി ശ്രീനിവാസനാണ് ചിത്രത്തിനു സംഗീതം ഒരുക്കിയത്.
ഒ എന്‍ വി,ഏഴാച്ചേരി രാമചന്ദ്രന്
വിമര്‍ശനങ്ങള്‍
വിപ്ലവത്തെ ലെനിന് രാജേന്ദ്രന് പൈങ്കിളിവത്ക്കരിച്ചു എന്നായിരുന്നു 1986ല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. അതിനു ലെനിന് രാജേന്ദ്രന് നല്കുന്ന മറുപടി ഇതാണ്. “ചിരുകണ്ടന്റെ പ്രണയത്തിലും അബൂബക്കറിന്റെ മാതൃസ്നേഹത്തിലുമൊക്കെ ഞാൻ കണ്ടത് ഒരേ വൈകാരികതയാണ്. ഒരു രാഷ്ട്രീയ സിനിമയിൽ സ്വപ്നങ്ങളും പ്രണയവും നൊമ്പരവുമൊന്നും പാടില്ല എന്ന് ശഠിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഈ വൈകാരികതയെ സന്നിവേശിപ്പിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ലെങ്കിൽ, ഒരു മനുഷ്യനും കാണാത്ത വരണ്ട ഒരു സിനിമയായി മീനമാസത്തിലെ സൂര്യൻ മാറിപ്പോവുമായിരുന്നു. ആ പാതകം ഞാൻ ചെയ്തില്ല എന്നതിന്റെ പേരിലാണ് ഞാൻ വിമർശിക്കപ്പെടുന്നതെങ്കിൽ എനിക്കതിൽ പരിഭവമില്ല.”