മുംബെെ
കന്നിക്കാരുടെ പോരിൽ ഗുജറാത്ത് ടെെറ്റൻസിന് മിന്നുംജയം. ഐപിഎല്ലിലെ ആവേശകരമായ മത്സരത്തിൽ അഞ്ച് വിക്കറ്റിന് ലഖ്നൗ സൂപ്പർ ജയന്റ്സിനെ ഗുജറാത്ത് വീഴ്ത്തി. അവസാന ഓവറുകളിലെ വെടിക്കെട്ട് പ്രകടനമാണ് ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റണ്ണാണ് നേടിയത്.
മറുപടിക്കെത്തിയ ഗുജറാത്ത് രണ്ട് പന്ത് ശേഷിക്കെ ജയംകുറിച്ചു. 24 പന്തിൽ 40 റണ്ണുമായി പുറത്താകാതെനിന്ന രാഹുൽ ടെവാവിട്ടയയാണ് കളി അനുകൂലമാക്കിയത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (28 പന്തിൽ 33), ഡേവിഡ് മില്ലർ (21 പന്തിൽ 30) എന്നിവരും തിളങ്ങി. ടെവാട്ടിയ രണ്ട് സിക്സറും അഞ്ച് ഫോറും പായിച്ചു.
ആദ്യം ബാറ്റ് ചെയ്ത ലഖ്നൗവിനെ മൂന്ന് വിക്കറ്റുമായി മുഹമ്മദ് ഷമിയാണ് ചെറിയ സ്കോറിൽ ഒതുക്കിയത്. നാലോവറിൽ 25 റൺ വഴങ്ങിയായിരുന്നു ഷമിയുടെ മൂന്ന് വിക്കറ്റ് പ്രകടനം. ആദ്യപന്തിൽതന്നെ ലഖ്നൗ നായകൻ ലോകേഷ് രാഹുലിനെ ഷമി വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന്റെ കെെയിലെത്തിച്ചു. ക്വിന്റൺ ഡി കോക്കും (7) മനീഷ് പാണ്ഡെയും (6) ഷമിയുടെ പന്തിൽ കുറ്റിതെറിച്ച് മടങ്ങിയപ്പോൾ എവിൻ ലൂയിസിനെ (10) വരുൺ ആരോണിന്റെ പന്തിൽ ശുഭ്മാൻ ഗിൽ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി. 4–29 റണ്ണെന്നനിലയിൽ തകർന്ന ലഖ്നൗവിനെ ദീപക് ഹൂഡയും (41 പന്തിൽ 55) ആയുഷ് ബദോനിയും (41 പന്തിൽ 54) ചേർന്നാണ് കരകയറ്റിയത്.
രണ്ട് സിക്സറും ആറ് ഫോറുമായിരുന്നു ഹൂഡയുടെ ഇന്നിങ്സിൽ. ബദോനി മൂന്ന് സിക്സറും നാല് ഫോറും പായിച്ചു. ക്രുണാൾ പാണ്ഡ്യ 13 പന്തിൽ 21 റണ്ണടിച്ചു.രാജസ്ഥാൻ റോയൽസ് ഇന്ന് സൺറൈസേഴ്സ് ഹെെദരാബാദിനെ നേരിടും.