കൊച്ചി
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ എട്ടാംപ്രതി നടൻ ദിലീപിനെ പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും അന്വേഷകസംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നുമുള്ള സംവിധായകൻ പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ. ആലുവ പൊലീസ് ക്ലബ്ബിൽ തിങ്കൾ പകൽ 11.30ന് ആരംഭിച്ച് വൈകിട്ട് ആറരയോടെയാണ് പൂര്‍ത്തിയായത്. ചോദ്യംചെയ്യൽ ചൊവ്വാഴ്ചയും തുടരും. നടപടികള്‍ പൂര്‍ണമായും ചിത്രീകരിച്ചിട്ടുണ്ട്.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നുമാണ് ദിലീപിന്റെ വാദം. മൊബൈൽ ഫോണിൽനിന്ന് വീണ്ടെടുത്ത തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിൽ കൃത്യമായ മറുപടിയുണ്ടായില്ല. വിവരങ്ങൾ നശിപ്പിച്ചത് എന്തിനെന്ന ചോദ്യങ്ങൾക്കുമുന്നിലും ദിലീപ് കുഴങ്ങി. വാട്സാപ് ചാറ്റുകൾ, സംഭാഷണങ്ങൾ, ശാസ്ത്രീയ പരിശോധനാഫലങ്ങൾ, സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ മൊഴി എന്നിവയും ഉൾപ്പെടുത്തിയായിരുന്നു ചോദ്യാവലി. പല ചോദ്യങ്ങൾക്കും മൗനം പാലിച്ചു. മൊബൈലിലെ വിവരങ്ങൾ നശിപ്പിച്ചത് തൊഴിലിന്റെ ഭാഗമാണെന്നായിരുന്നു സായ് ശങ്കറിന്റെ നിലപാട്. മുംബൈയിലേക്ക് കൊണ്ടുപോയ രണ്ട് ഫോണുകളിലെ വിവരങ്ങളും നശിപ്പിക്കപ്പെട്ടതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സിനിമാ മേഖലയിലുള്ളവരുമായി ദിലീപ് നടത്തിയ ഫോൺ സംഭാഷണങ്ങളെയും വാട്സാപ് ചാറ്റുകളെയുംപറ്റി ചോദ്യമുയർന്നു.
എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലും നേരത്തേ രണ്ടുഘട്ടങ്ങളിലായി ദിലീപിനെ ചോദ്യംചെയ്തിരുന്നു. ചോദ്യംചെയ്യലിനുശേഷം എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷകസംഘം യോഗം ചേർന്നു.