ന്യൂഡൽഹി
ഹിന്ദുക്കൾ ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളിൽ അവർക്ക് ന്യൂനപക്ഷ പദവി നൽകുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. ലക്ഷദ്വീപ്, മിസോറം, നാഗാലാൻഡ്, മേഘാലയ, ജമ്മു കശ്മീർ, അരുണാചൽ, മണിപ്പുർ, പഞ്ചാബ് എന്നിവിടങ്ങളിലെ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്ന ഹർജയിലാണ് ന്യൂനപക്ഷമന്ത്രാലയം സത്യവാങ്മൂലം സമർപ്പിച്ചത്. അഭിഭാഷകൻ അശ്വനി ഉപാധ്യായയുടെ ഹർജിയിലാണ് കേന്ദ്രത്തിന്റെ മറുപടി.
ന്യൂനപക്ഷങ്ങളെ തീരുമാനിക്കുന്നത് സമവർത്തി പട്ടികയിൽ ഉൾപ്പെടുന്നതിനാൽ സംസ്ഥാനങ്ങൾക്കും നിർണയാധികാരമുണ്ടെന്ന് കേന്ദ്രം അറിയിച്ചു. മത, ഭാഷാ ന്യൂനപക്ഷങ്ങളെ നിർണയിച്ച് സംസ്ഥാന നിയമസഭകൾക്ക് തീരുമാനിക്കാം. മഹാരാഷ്ട്രയിൽ ജൂതരെയും കർണാടകയിൽ ഉറുദു, തെലുങ്ക്, തമിഴ്, മലയാളം, മറാത്തി, തുളു, ലമാനി (ലംബാഡി), ഹിന്ദി, കൊങ്കിണി, ഗുജറാത്തി ഭാഷാവിഭാഗങ്ങളെയും ന്യൂനപക്ഷമായി പ്രഖ്യാപിച്ചത് കേന്ദ്രം ചൂണ്ടിക്കാട്ടി.
ഒരു സംസ്ഥാനത്തെ മത, ഭാഷാ ന്യൂനപക്ഷം മറ്റൊരു സംസ്ഥാനത്തിൽ ഭൂരിപക്ഷമാണെന്നും അതിനാൽ കേന്ദ്രതലത്തിൽ അത്തരം ന്യൂനപക്ഷപദവി നിശ്ചയിക്കുന്നതിന് പരിമിതിയുണ്ടെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു. നിലവിൽ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി, ജൈന എന്നീ വിഭാഗങ്ങൾക്കാണ് കേന്ദ്രസർക്കാർ ന്യൂനപക്ഷ പദവി നൽകിയിട്ടുള്ളത്. നേരത്തെ ഇത്രയും പ്രാധാന്യമുള്ള വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തുന്നതിന് കേന്ദ്രത്തെ സുപ്രീംകോടതി വിമർശിച്ചിരുന്നു.