ന്യൂഡൽഹി
ഇന്ത്യയിൽ വ്യോമയാന മേഖലയിൽ 10 ശതമാനം തൊഴിൽ നഷ്ടം എന്ന് സർക്കാർ രാജ്യസഭയിൽ അറിയിച്ചു. വി ശിവദാസൻ എംപിക്ക് വ്യോമയാന മന്ത്രി വി കെ സിങ് നൽകിയ മറുപടിയിലാണ് ഇതുസംബന്ധിച്ച വിവരം.
മൊത്തം എയർലൈൻ ജീവനക്കാരുടെ എണ്ണം 74,800ൽ 65,600 ആയി കുറഞ്ഞു. വിമാനത്താവളവുമായി ബന്ധപ്പെട്ട മൊത്തം ജീവനക്കാരുടെ എണ്ണം 73,400-ൽനിന്ന് 65,700 ആയി. ഗ്രൗണ്ട് ഹാൻഡ്ലിങ് ജീവനക്കാരുടെ എണ്ണം 30,800ൽനിന്ന് 27,600 ആയി. കാർഗോ മേഖലയിലെ നേരിയ വർധന ഒഴിച്ചാൽ, ഏകദേശം 19,200 ജോലി നഷ്ടപ്പെട്ടു. ആകെയുള്ള, ഏകദേശം 1.9 ലക്ഷം തസ്തികയുടെ 10 ശതമാനമാണ് തൊഴിൽ നഷ്ടം.
എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണംമൂലം ഒരാൾക്കും തൊഴിൽ നഷ്ടമായില്ല എന്ന് മന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ, കൈമാറ്റക്കരാർ ഒപ്പിട്ട് ഒരു വർഷത്തേക്ക് പിരിച്ചുവിടാൻ പാടില്ല എന്ന ഉറപ്പുമാത്രമാണ് തൊഴിലാളികൾക്കുള്ളത് എന്നും മന്ത്രാലയം വ്യക്തമാകുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ 3124 തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.