കണ്ണൂർ
സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി ‘ചരിത്രം ഒരു സമരായുധം’ ചരിത്ര–-ചിത്ര–-ശിൽപ്പ പ്രദർശനം ബുധനാഴ്ച തുടങ്ങുമെന്ന് സംഘാടകസമിതി ട്രഷറർ എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കലക്ടറേറ്റ് മൈതാനിയിലെ കെ വരദരാജൻ നഗറിൽ വൈകിട്ട് അഞ്ചിന് ചരിത്രകാരൻ ഡോ. രാജൻ ഗുരുക്കൾ ഉദ്ഘാടനംചെയ്യും. ഏപ്രിൽ 10 വരെ പ്രദർശനമുണ്ടാകും.
ചരിത്ര പ്രദർശനത്തിൽ സാർവദേശീയം, ദേശീയം, കേരളം, കണ്ണൂർ എന്നിങ്ങനെ വിവിധ മേഖലകളിലെ പ്രധാനപ്പെട്ട സംഭവങ്ങളുടെ വിവരണമാണ്. പ്രശസ്തരായ 11 ശിൽപ്പികളുടെയും 44 ചിത്രകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സഹായത്തോടെയാണ് പ്രദർശനം. മാർക്സ്, എംഗൽസ്, ലെനിൻ എന്നിവരുടെ ശിൽപ്പങ്ങൾ ഉൾപ്പെടെ സാർവദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന്റെ ഭാഗമായുള്ള സംഭവങ്ങൾ പ്രദർശനത്തിലുണ്ട്. ദേശീയ മുന്നേറ്റങ്ങളുടെ ചരിത്രവും വർത്തമാനവും പുതു തലമുറയിലേക്കുകൂടി എത്തിക്കാനുതകുന്ന നിലയിലുള്ള ആവിഷ്കാരം പ്രദർശനത്തിന്റെ സവിശേഷതയാണ്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ഓർമപ്പെടുത്തലും കർഷകത്തൊഴിലാളി പ്രസ്ഥാനത്തെ തകർക്കുന്നതിന് തമിഴ്നാട്ടിലെ കീഴ്വെണ്മണിയിൽ ജന്മികൾ തൊഴിലാളികളെ തീവച്ച് കൊലപ്പെടുത്തിയ ഹൃദയഭേദക ദൃശ്യങ്ങളും അടുത്തകാലത്ത് രാജ്യത്തെ പിടിച്ചുകുലുക്കിയ കർഷക പ്രക്ഷോഭവും പ്രദർശനത്തിൽ കാണാം.
പ്രവാസി സംഗമവും
കാർഷിക സെമിനാറും നാളെ
സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി ബുധനാഴ്ച തലശേരിയിൽ പ്രവാസിസംഗമവും ഇരിട്ടിയിൽ കാർഷിക സെമിനാറും നടക്കും. പ്രവാസി സംഗമം തലശേരി പുതിയ ബസ്സ്റ്റാൻഡിൽ വൈകിട്ട് അഞ്ചിന് മന്ത്രി വി അബ്ദുൾറഹ്മാൻ ഉദ്ഘാടനംചെയ്യും. നോർക്ക–- റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, പി വി അൻവർ എംഎൽഎ, കെ വി അബ്ദുൾഖാദർ, ഒ വി മുസ്തഫ, കെ വിജയകുമാർ എന്നിവർ സംസാരിക്കും.
കാർഷിക സെമിനാർ വൈകിട്ട് നാലിന് ഇരിട്ടി മുനിസിപ്പിൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ ഉദ്ഘാടനംചെയ്യും. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി, കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മോകേരി, കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ, എസ് കെ പ്രീജ എന്നിവർ സംസാരിക്കും.
മെഗാ ക്വിസ് ഫൈനൽ 2ന്
പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള ഇന്റർനാഷണൽ മെഗാ ക്വിസിന്റെ ഫൈനലിൽ ആറ് ടീം മത്സരിക്കും. ഏപ്രിൽ രണ്ടിന് പകൽ മൂന്നിന് കണ്ണൂർ ടൗൺ സ്ക്വയറിലെ സി എച്ച് കണാരൻ നഗറിലാണ് ഫൈനൽ. ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് ഉദ്ഘാടനംചെയ്യും.‘ഇന്ത്യയിലെ 100 കമ്യൂണിസ്റ്റ് വർഷങ്ങൾ’ വിഷയത്തിലാണ് ക്വിസ്. കാണികൾക്കും ക്വിസിൽ പങ്കെടുത്ത് സമ്മാനം നേടാം.
ആദ്യഘട്ടത്തിൽ ടീമുകളുടെ എണ്ണക്കൂടുതൽ പരിഗണിച്ച് ഓൺലൈനായാണ് മത്സരം നടത്തിയത്. 200 ടീമുകളിൽനിന്ന് കൂടുതൽ സ്കോർ നേടിയവരാണ് ഫൈനലിലെത്തിയത്. ശ്രീനന്ദ് സുധീഷ്, ടി അനന്തൻ (കണ്ണൂർ), പ്രസാദ് കളവയൽ, കെ പ്രഭാകരൻ (കാസർകോട്), ടി മോഹൻദാസ്, എൻ ജി ജനീഷ് (കണ്ണൂർ), ടെസിൻ സൈമൺ (പത്തനംതിട്ട), ആർ ഷിബു(കൊല്ലം), വി ആർ അനന്തു, വി ആർ ശരത് (കൊല്ലം), കെ പത്മനാഭൻ, പി എ ഷെറീഫ് (കാസർകോട്) എന്നിവരാണ് ഫൈനലിന് യോഗ്യത നേടിയത്. ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 20,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയുമാണ് ക്യാഷ് പ്രൈസ്.
അന്താരാഷ്ട്ര പുസ്തകോത്സവത്തിന്
1ന് തിരിതെളിയും
പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര പുസ്തകോത്സവം ഒന്നിന് വൈകിട്ട് 5.30ന് കലക്ടറേറ്റ് മൈതാനിയിലെ നിരുപംസെൻ നഗറിൽ കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനംചെയ്യും. രാജ്യത്തിന് അകത്തും പുറത്തുമുള്ള പ്രസാധകർ പങ്കാളികളാകും. അറുപതോളം മലയാള പുസ്തക പ്രസാധകരും ഇരുപതോളം മറ്റു ഭാഷാ പ്രസാധകരുമുണ്ടാകും. പുസ്തക പ്രകാശനവും അനുബന്ധ പരിപാടികളും നടക്കും. ആശയസംവാദമാണ് പുസ്തകങ്ങളുടെ ദൗത്യം.1,200 രൂപയുടെ പുസ്തകങ്ങൾ 1,000 രൂപയ്ക്കും 600 രൂപയുടെ പുസ്തകങ്ങൾ 500 രൂപയ്ക്കും ലഭിക്കും. 10ന് സമാപിക്കും.