കീവ്
യുദ്ധക്കെടുതിയിൽനിന്ന് രക്ഷപ്പെടാൻ ഉക്രയ്നിൽനിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം 40 ലക്ഷത്തിലേക്ക്. ഇതുവരെ 38.7 ലക്ഷം പേർ രാജ്യം വിട്ടതായി യുഎൻ അഭയാർഥി ഹൈക്കമീഷൻ വ്യക്തമാക്കി. 24 മണിക്കൂറിനുള്ളിൽ 45,000 പേര് അതിർത്തി കടന്നു. 1.2 കോടി ആളുകൾ വിവിധ നഗരങ്ങളിൽ കുടുങ്ങി. 1100 സാധാരണക്കാർ കൊല്ലപ്പെട്ടതായും യുഎന്‍ അറിയിച്ചു.
അതേസമയം, പ്രശ്നപരിഹാരത്തിനായുള്ള തുടർ ചർച്ചയ്ക്ക് ചൊവ്വാഴ്ച തുർക്കിയില്‍ തുടക്കമാകും. നാറ്റോ അംഗത്വമെന്ന ആവശ്യം ഉപേക്ഷിക്കാൻ തയ്യാറാണെന്ന് ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി വ്യക്തമാക്കി. എന്നാൽ, ഇതിനായി ഹിതപരിശോധന നടത്തേണ്ടിവരുമെന്നും പറഞ്ഞു.
ഒന്നരലക്ഷത്തിലേറെപ്പേർ കുടുങ്ങിക്കിടക്കുന്ന മരിയൂപോളിൽ വൻ ദുരന്തം ഒഴിവാക്കാൻ എത്രയും വേഗം എല്ലാവരെയും ഒഴിപ്പിക്കണമെന്ന് മേയർ ആവശ്യപ്പെട്ടു.