തൃശൂർ
കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള നൃത്തോത്സവത്തിൽ അഹിന്ദുവെന്ന പേരിൽ അവസരം നിഷേധിച്ചതായി മലപ്പുറം സ്വദേശിനിയായ നർത്തകി മൻസിയ. എന്നാൽ ആചാരപ്രകാരം ക്ഷേത്രത്തിനകത്ത് ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനം ഉള്ളൂവെന്നും നൃത്തോത്സവത്തിൽ ഹിന്ദു കലാകാരന്മാരിൽനിന്നാണ് അപേക്ഷ ക്ഷണിച്ചതെന്നും ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
നൃത്തോത്സവത്തിൽ ഏപ്രിൽ 21ന് തന്റെ പരിപാടി ചാർട്ട് ചെയ്തിരുന്നതായി കലാമണ്ഡലത്തിൽ ഭരതനാട്യം ഗവേഷകയായ വി പി മൻസിയ ഫേസ് ബുക്കിൽ കുറിച്ചു. പിന്നീട് പരിപാടി നടത്താൻ സാധിക്കില്ലെന്ന് ക്ഷേത്ര ഭാരവാഹി വിളിച്ചറിയിച്ചു. അഹിന്ദു ആയതുകാരണം കളിക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചത്. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് മാറിയോയെന്നും ചോദിച്ചു. വർഷങ്ങൾക്കു മുമ്പ് ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് ഇതേ കാരണത്താൽ നൃത്താവസരം നഷ്ടമായി. കേരളത്തിൽ ഇതിനു മാറ്റം വരണമെന്ന ചിന്തയിലാണ് തുറന്നെഴുതിയതെന്ന് മൻസിയ ദേശാഭിമാനിയോട് പറഞ്ഞു. ഇടതുപക്ഷ സർക്കാർ അതിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേശീയ സംഗീത, നൃത്ത, വാദ്യ ഉത്സവം ക്ഷേത്രത്തിനകത്തെ വേദികളിൽ നടക്കുന്നതിനാൽ അനുഷ്ഠാനങ്ങൾക്ക് വിധേയമായേ നടത്താനാവൂവെന്ന് ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ അറിയിച്ചു. ഹിന്ദുക്കൾക്കേ ക്ഷേത്രത്തിനകത്ത് പ്രവേശനമുള്ളൂ. നൃത്ത, വാദ്യ, സംഗീത, കഥകളി കലാകാരന്മാർക്കെല്ലാം ഇതു ബാധകമാണ്. അപേക്ഷ ക്ഷണിച്ച പത്ര പരസ്യത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തർക്ക വിഷയമായ അപേക്ഷയിൽ അഹിന്ദുവെന്ന് രേഖപ്പെടുത്താത്തതിനാൽ വിദഗ്ധസമിതി ആദ്യം പരിഗണിച്ചു. കലാകാരന്മാരിൽനിന്ന് കച്ചീട്ട് വാങ്ങുന്നതിനുള്ള നടപടികൾ എടുത്തപ്പോഴാണ് അവർ ഹിന്ദു അല്ലെന്നും സാക്ഷ്യപത്രം നൽകാൻ കഴിയില്ലെന്നും അറിയിച്ചത്. ആചാരങ്ങളും നിയമങ്ങളും പാലിക്കാൻ ബാധ്യതയുള്ളതിനാലാണ് അപേക്ഷ നിരാകരിക്കേണ്ടി വന്നതെന്നും ദേവസ്വം അറിയിച്ചു.
2014ൽ കൂടൽമാണിക്യ ഉത്സവത്തിന് കുടിവെള്ള വിതരണോദ്ഘാടനത്തിന് ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ ക്ഷേത്ര മതിലിന് അകത്തു കയറി. അവർ അഹിന്ദു ആയതിനാൽ ഉത്സവം നിർത്തി ശുദ്ധി കർമങ്ങൾ ചെയ്യേണ്ടിവന്നു. അവരുടെ പേരിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരത്തിനായി കേസ് ഫയൽ ചെയ്തു. ഈ കമ്മിറ്റി വന്ന ശേഷമാണ് വിഷയം ചർച്ച ചെയ്ത് കേസ് രാജിയായത്.