കൊൽക്കത്ത
പശ്ചിമ ബംഗാൾ നിയമസഭയിൽ തൃണമൂൽ കോൺഗ്രസ്, ബിജെപി അംഗങ്ങൾ തമ്മിൽ കൈയാങ്കളി. നിരവധിപേർക്ക് പരിക്കേറ്റു. മൂക്കിനു സാരമായ പരിക്കേറ്റ തൃണമൂൽ എംഎൽഎ അസിത് മജുംദാറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരസ്പരം വസ്ത്രങ്ങൾ വലിച്ചുകീറി, കണ്ണട പൊട്ടിച്ചു. പ്രതിപക്ഷ നേതാവ് സുഖേന്ദു അധികാരിയടക്കം അഞ്ച് ബിജെപി എംഎൽഎമാരെ സമ്മേളന കാലാവധിയിൽ സസ്പെൻഡ് ചെയ്തു. പ്രതിഷേധിച്ച് ബിജെപി എംഎൽഎമാർ സഭയ്ക്കു പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.തിങ്കളാഴ്ച രാവിലെ സഭ സമ്മേളിച്ചപ്പോൾ രാംപുർഹട്ട് കൂട്ടക്കൊലയെക്കുറിച്ച് മുഖ്യമന്ത്രി പുറത്ത് പ്രസ്താവന നടത്തിയതിൽ പ്രതിഷേധിച്ച് ബിജെപി എംഎൽഎമാർ നടുക്കളത്തിലിറങ്ങി ബഹളംവച്ചു.
തടയാൻ തൃണമൂലുകാർ തുനിഞ്ഞതോടെയാണ് തമ്മിലടിയുണ്ടായത്. ബഹളം മൂർച്ചിച്ചതോടെ സഭ അനിശ്ചിത കാലത്തേക്ക് സ്പീക്കർ ബിമൽ ബാനർജി നിർത്തിവച്ചു.
ഒരു സ്ത്രീകൂടി
മരിച്ചു
രാംപുർഹട്ട് ആക്രമണത്തിൽ ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിലായിരുന്ന ഒരാൾകൂടി മരിച്ചു. പൂട്ടിയിട്ടു കത്തിച്ച വീട്ടിൽ അകപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നജിമ ബിബി ആണ് മരിച്ചത്. കേസിലെ നിർണായക സാക്ഷിയായിരുന്നു അവർ. അവരുടെ മൊഴിയെടുക്കാൻ സിബിഐ കാത്തിരിക്കുകയായിരുന്നു.കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാംപുർഹട്ടിൽ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ വൻ റാലി നടന്നു.