ഇസ്ലാമാബാദ്
പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തിന്മേലുള്ള ചർച്ച 31ന് ആരംഭിക്കും. പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫാണ് തിങ്കളാഴ്ച വൈകിട്ട് സഭ ചേർന്നപ്പോൾ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിന് അവതരണാനുമതി തേടി വോട്ടിനിട്ടപ്പോള്‍ 161 എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്തു. പ്രമേയാവതരണത്തിന് അനുമതി കിട്ടാന്‍ 20 ശതമാനം വോട്ട് (68)മതി.
അവിശ്വാസം വിജയിപ്പിക്കാൻ 342 അംഗ ദേശീയ അസംബ്ലിയിൽ പ്രതിപക്ഷത്തിന് 172 വോട്ട് വേണം. നിലവിൽ 163 പ്രതിപക്ഷഅംഗങ്ങളുണ്ട്. അതേസമയം, ഭരണമുന്നണിയുടെ അംഗബലം 178 ആയി ചുരുങ്ങി. സ്വന്തംപാളയത്തിലുള്ളവരുടെ വിശ്വാസം ഉറപ്പിക്കാന്‍ തിരക്കിട്ട നീക്കത്തിലാണ് ഇമ്രാന്.
പഞ്ചാബ്
പ്രവിശ്യയില്‍
പർവേസ് ഇലാഹി
പാകിസ്ഥാനിലെ പഞ്ചാബില്‍ മുഖ്യമന്ത്രി ഉസ്മാൻ ബുസാദർ രാജിവച്ചതോടെ പുതിയ മുഖ്യമന്ത്രി സ്ഥാനാർഥിയായി പിഎംഎൽക്യു നേതാവ് ചൗധരി പർവേസ് ഇലാഹിയെ പ്രഖ്യാപിച്ച് ഭരണകക്ഷിയായ പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ്.പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ച് മണിക്കൂറിനുള്ളിലാണ് പുതിയ നീക്കം.പ്രമേയത്തെ പിഎംഎൽക്യു അനുകൂലിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. പുതിയ തീരുമാനത്തിനുശേഷം പിഎംഎൽക്യു സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ തീരുമാനിച്ചതായി സംസ്ഥാന വാർത്താവിനിമയ മന്ത്രി ഫറൂഖ് ഹബീബ് അറിയിച്ചു. എന്നാല്‍, പിഎംഎൽക്യു നേതാവ് താരിഖ് ബഷീർ ചീമ കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജിവച്ചതായും ഇമ്രാനെതിരെ വോട്ടുചെയ്യുമെന്നും പ്രഖ്യാപിച്ചു.