വല്ലെറ്റ
മാൾട്ട ദേശീയ തെരഞ്ഞെടുപ്പിൽ ലേബർ പാർടിക്ക് ഹാട്രിക് ജയം. അന്തിമ ഫലം പുറത്തുവന്നിട്ടില്ലെങ്കിലും ലേബർ പാർടി 2013ലും 2017ലും നേടിയ 55 ശതമാനം സീറ്റിനേക്കാൾ കൂടുതൽ ഇത്തവണ നേടുമെന്നാണ് കണക്കാക്കുന്നത്. പ്രധാന പ്രതിപക്ഷമായ മധ്യ വലത് നാഷണലിസ്റ്റ് പാർടി പരാജയം സമ്മതിച്ചു.
2020 ജനുവരിയിൽ ലേബർ പാർടി നേതാവും പ്രധാനമന്ത്രിയുമായി തെരഞ്ഞെടുത്ത റോബർട്ട് അബെലയ്ക്ക് പ്രധാനമന്ത്രി പദത്തിൽ തെരഞ്ഞെടുപ്പിലൂടെയുള്ള ആദ്യ ഊഴമാണിത്. മുൻ പ്രസിഡന്റ് ജോർജ് അബെലയുടെ മകനാണ്. മൂന്നാം വട്ടവും തന്റെ പാർടിയെ വിജയിപ്പിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ റോബർട്ട് അബെല, മാൾട്ടയെ സമൃദ്ധവും പരിസ്ഥിതി സൗഹൃദവുമാക്കുമെന്നും പ്രഖ്യാപിച്ചു.