യു.കെയിലെ ഇടതുപക്ഷ പുരോഗമന സാംസ്കാരിക സംഘടനയായ കൈരളി യു.കെ കവിതാദിനവും അനശ്വര കവി വയലാർ രാമവർമ്മയുടെ ജന്മദിന അനുസ്മരണവും നടത്തി. പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനുമായ കെ സച്ചിദാനന്ദൻ മുഖ്യ പ്രഭാഷണവും കവിതാ പാരായണവും നടത്തി. മലയാള സാഹിത്യത്തിന്റെ നാൾവഴികൾ ഓർമ്മിപ്പിച്ച പ്രഭാഷണത്തിൽ കവിതയുടെ നിയോഗം, അത് ഓരോ കാലത്തിന്റെയും ശബ്ദമായി നിലകൊണ്ടതിനെയും വിശദീകരിച്ചു. വയലാറിന്റെ കവിതകളെയും ഗാനങ്ങളെയും വിശകലനം ചെയ്യുവാനും അത് എങ്ങനെ മലയാള സാഹിത്യത്തെ ജനകീയമാക്കി എന്നും പ്രഭാഷണം ഓർമ്മപ്പെടുത്തി.
മലയാളകാവ്യലോകത്തിന്റെ സർഗ്ഗചേതനയുടെ തേജ്ജസ്സുറ്റ നാൾ വഴികൾക്കൊരാദരമർപ്പിക്കാനുള്ള എളിയ ശ്രമത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ പ്രതിഭ ബഹറിൻ, കേളി സ്വിറ്റ്സർലന്റ്, ക്രാന്തി അയർലന്റ് എന്നീ സമാന സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ചും പ്രവർത്തകർ പങ്കെടുത്തു. സെക്രട്ടറി കുര്യൻ ജേക്കബ് അധ്യക്ഷനായി. പ്രോഗ്രാം കോർഡിനേറ്റമാരായ ജിതിൻദാസ് സ്വാഗതവും അശ്വതി അശോക് നന്ദിയും പറഞ്ഞു.
പരിപാടിയുടെ പൂർണ്ണ രൂപം കൈരളി യുകെ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്.