തിരുവനന്തപുരം
ജീവൻരക്ഷാ മരുന്നുകൾക്ക് വില കുത്തനെ കൂട്ടിയ കേന്ദ്ര നടപടി കേരളത്തിന് പ്രതിവർഷം 100 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കും. 1000 കോടി രൂപയുടെ മരുന്നാണ് കേരളത്തിൽ വർഷംതോറും ഉപയോഗിക്കുന്നത്. 99 ശതമാനം അവശ്യമരുന്നുകളും സൗജന്യവുമാണ്. മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേനയാണ് ഇവ വാങ്ങി നൽകുന്നത്. ഇതിന്റെ വില സംസ്ഥാന സർക്കാർ നൽകും. വർധന രോഗികളെ നേരിട്ട് ബാധിക്കില്ലെങ്കിലും സർക്കാരിന് അധിക ബാധ്യതയുണ്ടാക്കും.
അതേസമയം, സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കുന്നവർക്കുള്ള ചെലവ് 20 ശതമാനംവരെ കൂടും. ചരിത്രത്തിലെ ഏറ്റവും വലിയ മരുന്നുവില വർധനയിലേക്കാണ് രാജ്യം നീങ്ങുന്നത്. പാരസെറ്റാമോളും വേദനസംഹാരികളും ആന്റിബയോട്ടിക്സിനുമടക്കം 10.7 ശതമാനം വില വർധിപ്പിക്കും. സ്വകാര്യ മെഡിക്കൽ സ്റ്റോർ വഴി ഇതെത്തുമ്പോൾ 16 ശതമാനമാകും.