തിരുവനന്തപുരം
ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന ലക്ഷ്യത്തോടെ വ്യവസായവകുപ്പ് നടപ്പാക്കുന്ന സംരംഭക വർഷം പദ്ധതിക്ക് ബുധനാഴ്ച തുടക്കം. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണം, സഹകരണം ഉൾപ്പെടെയുള്ള വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനശേഷം ഫീൽഡ് പ്രവർത്തനം ആരംഭിക്കും. സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ളവർക്ക് മികച്ച അവസരമൊരുക്കി വായ്പ അടക്കമുള്ള സഹായം സമയബന്ധിതമായി ലഭ്യമാക്കും. പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ശിൽപ്പശാല സംഘടിപ്പിക്കും. ലൈസൻസ്, സബ്സിഡി, വായ്പ, സംരംഭം തുടങ്ങിയ വിവരങ്ങൾ ഇവിടെനിന്ന് അറിയാം. സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലൈസൻസ്, ലോൺ, സബ്സിഡി മേളയും സംഘടിപ്പിക്കും.
പദ്ധതി പ്രാദേശികതലത്തിൽ ഏകോപിപ്പിക്കാനും നേതൃത്വം നൽകാനും തദ്ദേശസ്ഥാപനതലത്തിൽ 1155 ഇന്റേൺസിനെ വ്യവസായവകുപ്പ് നിയമിക്കും. പദ്ധതിക്ക് ഈ വർഷത്തെ ബജറ്റിൽ 120 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് സംരംഭകർക്ക് സബ്സിഡി ഉൾപ്പെടെ ലഭ്യമാക്കും. പദ്ധതി തൊഴിലന്വേഷകരും ചെറുപ്പക്കാരും വീട്ടമ്മമാരും വിദ്യാർഥികളും അടക്കം നാനാമേഖലകളിൽ നിന്നുള്ളവർക്ക് സംരംഭകരായി മാറാനുള്ള അവസരമുണ്ടാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.