മൂലമറ്റം
മൂലമറ്റത്തെ വെടിവയ്പ്പിന് കാരണം തട്ടുകടയിലെ സംഘം ചേർന്നുള്ള മർദനം. മർദനമേറ്റ ഫിലിപ്പ് മാർട്ടിൻ നടത്തിയ വെടിവയ്പ്പിൽ യുവാവിന് ജീവൻ നഷ്ടമായി. സ്വകാര്യ ബസ് കണ്ടക്ടറും കീരിത്തോട് സ്വദേശിയുമായ പാട്ടത്തിൽ സനൽ സാബു -(ജബ്ബാർ–- 32) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച മൂലമറ്റം കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് പുഷ്കരൻ(32) ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഇവരെ വെടിവച്ച മൂലമറ്റം മാവേലി പുത്തൻപുരയിൽ ഫിലിപ്പ് മാർട്ടിൻ(കുട്ടു––33) അറസ്റ്റിലായി.
ശനി രാത്രി 10.50 ഓടെയായിരുന്നു സംഭവത്തിന് തുടക്കം. മൂലമറ്റം അശോകക്കവലയിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു ഫിലിപ്പ് മാർട്ടിനും ബന്ധുവും. ഇവർ ബീഫും പോട്ടിയും ചപ്പാത്തിയുമാണ് ഓർഡർ നൽകിയത്. കടയുടമയായ യുവതി നൽകാമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നാലെ എത്തിയ ബിജെപി പ്രവർത്തകർക്ക് പാഴ്സൽ നൽകി. തുടർന്ന് ഭക്ഷണം തീർന്നതായി കടയുടമ ഫിലിപ്പ് മാർട്ടിനോട് പറഞ്ഞു. ഇതോടെ ഇയാൾ പ്രകോപിതനായി കടയുടമയുമായി വാക്കേറ്റമായി. മുൻകൂട്ടി ഓർഡർ നൽകിയവർക്കാണ് പാഴ്സൽ നൽകിയതെന്നായിരുന്നു കടയുടമയുടെ വാദം. ഇതിനിടയിൽ പാഴ്സൽ വാങ്ങാനെത്തിയവരും കടയിലുണ്ടായിരുന്നവരും ഫിലിപ്പിനെ ക്രൂരമായി മർദിച്ചു. മൂക്കിൽനിന്നും വായിൽനിന്നും ചോരയൊലിച്ച നിലയിൽ എല്ലാവരെയും വെല്ലുവിളിച്ചാണ് ഫിലിപ്പ് മാർട്ടിൻ മടങ്ങിയത്. വീട്ടിലെത്തി തോക്കുമായി തട്ടുകടയ്ക്ക് സമീപം മടങ്ങിയെത്തി. മുകളിലേക്ക് വെടിയുതിർത്തിയ ശേഷം വാഹനവുമായി മൂലമറ്റം ഭാഗത്തേക്ക് പോയി. നേരത്തെ ചോരയൊലിപ്പിച്ച് വീട്ടിലെത്തിയ ഫിലിപ്പിനെ ആശുപത്രിയിലാക്കാൻ അമ്മ ഇതിനകം എ കെ ജി കവലയിലേക്ക് എത്തിയിരുന്നു.
ഇവിടെ കാർ നിർത്തിയ ഫിലിപ്പ് മാർട്ടിൻ അമ്മയുമായി സംസാരിക്കുമ്പോൾ പിന്തുടർന്ന് എത്തിയവർ കാർ അടിച്ചുതകർത്തു. ഇയാളെയും അമ്മയെയും ആക്രമിച്ചു. ഇവരിൽനിന്ന് രക്ഷപ്പെട്ട് കാറുമായി മുന്നോട്ടുനീങ്ങിയ ഇയാൾ തോക്കിൽ തിരനിറച്ച് ആക്രമിച്ചവരെ ലക്ഷ്യമിട്ട് തിരിച്ചെത്തി. എന്നാൽ, ഈ സമയം അതുവഴി ബൈക്കിലെത്തിയ സനൽ സാബുവും പ്രദീപ് പുഷ്കരനും നേരെ വെടിവച്ചു. ഇതോടെ എല്ലാവരും ചിതറിയോടി. കഴുത്തിനു വെടിയേറ്റ സനൽ തൽക്ഷണം മരിച്ചു. ആക്രമിക്കാൻ എത്തിയവർ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് നേരെയും വെടിയുതിർത്തു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മുട്ടത്തുവച്ച് പൊലീസ് പിടികൂടി. കാറും തോക്കും കസ്റ്റഡിയിലെടുത്തു. വിദേശത്തായിരുന്ന ഫിലിപ്പ് മാർട്ടിൻ ഏതാനും വർഷം മുമ്പാണ് മടങ്ങിയെത്തിയത്. ലൈസൻസില്ലാത്ത തോക്കാണ് കൈവശമുണ്ടായിരുന്നത്. ഒരേ സമയം രണ്ടു തിര നിറയ്ക്കാമെന്നും പെലീസ് പറഞ്ഞു.
സാബു-–- വൽസ ദമ്പതികളുടെ മകനാണ് സനൽ. അടുത്തിടെ ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സനലിന്റെ സഹോദരിയാണ്. സവിതയാണ് മറ്റൊരു സഹോദരി. മൂലമറ്റം– പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ദേവി ബസിന്റെ കണ്ടക്ടറായിരുന്ന സനൽ മൂലമറ്റത്ത് സ്വകാര്യ ലോഡ്ജിലാണ് താമസിച്ചിരുന്നത്.
ഇരട്ടക്കുഴൽ നാടൻ തോക്ക് വാങ്ങിയത് 2014ൽ
മൂലമറ്റത്ത് യുവാക്കൾക്കുനേരെ വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് പ്രതി ഫിലിപ്പ് മാർട്ടിനിൽനിന്ന് പൊലീസ് കണ്ടെടുത്തു. അനധികൃത ഇരട്ടക്കുഴൽ നാടൻതോട്ട തോക്കുകൊണ്ടാണ് രണ്ട് റൗണ്ട് വെടിവച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതി പറഞ്ഞു. മൃഗവേട്ടയ്ക്കായി ഉപയോഗിക്കുന്നതിന് ഇരട്ടക്കുഴൽ തോക്ക് വാങ്ങിയത് 2014ൽ. കരിങ്കുന്നം പ്ലാന്റേഷനിലുള്ള കൊല്ലനാണ് നിർമിച്ചുനൽകിയത്. ഇയാൾ രണ്ട് വർഷംമുമ്പ് മരിച്ചെന്നുമാണ് പ്രാഥമിക വിവരം. അനധികൃത തോക്ക് നിർമാണവുമായി ബന്ധപ്പെട്ട് മറ്റൊരുകേസ് ഇയാൾക്കെതിരെയുണ്ടായിരുന്നു.
എന്നാൽ, തോക്ക് തമിഴ്നാട്ടിൽനിന്ന് വാങ്ങിയതാണെന്നും പറയപ്പെടുന്നു. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ തോക്കുകൊണ്ട് ചെറുമൃഗങ്ങളെ പ്രതി വേട്ടയാടാറുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. നാടൻതോക്കുപോലെ രണ്ട് സെറ്റ് തിര രണ്ട് കുഴലുകളിലും മുൻഭാഗം താഴ്ത്തിയശേഷം നിക്ഷേപിക്കാം. തോക്കിന്റെ കാഞ്ചി മാറ്റിമാറ്റി വലിച്ചാണ് രണ്ടുതവണ വെടി ഉതിർത്തത്. നിരവധി ഇരുമ്പ് ചീളുകളും കഷണങ്ങളും ഉൾപ്പെടുന്നതാണ് തിര. ഒരു വെടിയിൽതന്നെ ഇത് ചിതറി നിരവധി പേർക്ക് ജീവഹാനിയോ മാരക പരിക്കേൽക്കുകയോ ചെയ്യും. ലെെസൻസില്ലാത്ത അനധികൃത തോക്ക് കൈവശംവച്ചതിനും വെടിവച്ചതിനും പ്രതിക്കെതിരെ കേസെടുത്തു.
സംഭവം വഷളാക്കിയത്
ബിജെപി
മൂലമറ്റം
മൂലമറ്റത്ത് വെടിവയ്പ്പിലേക്ക് നയിച്ച സംഘർഷമുണ്ടായ തട്ടുകട നടത്തുന്നത് ബിജെപി ഇടുക്കി ജില്ലാ സെക്രട്ടറി പി വി സൗമ്യ. ഇവിടെയെത്തിയ പ്രതി ഫിലിപ്പ് മാർട്ടിനെ അവഗണിച്ച് പിന്നാലെയെത്തിയ ബിജെപി പ്രവർത്തകർക്ക് ഭക്ഷണം നൽകിയതും തുടർന്നുള്ള തർക്കവും കൈയാങ്കളിയുമാണ് വെടിവയ്പ്പിൽ കലാശിച്ചത്.
മൂലമറ്റത്ത് ഞായറാഴ്ച ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി കൊടികെട്ടാനും പോസ്റ്റർ ഒട്ടിക്കാനും കുറേപ്പേർ സ്ഥലത്തുണ്ടായിരുന്നു. ഇവരിൽ ചിലരാണ് ശനി രാത്രി തട്ടുകടയിൽ ഭക്ഷണം കഴിക്കാനും പാഴ്സൽ വാങ്ങാനും എത്തിയത്. ഇവർക്കുമുമ്പേ കഴിക്കാനും പാഴ്സൽ വാങ്ങാനും എത്തിയ ഫിലിപ്പ് മാർട്ടിനെയും ബന്ധുവിനെയും തട്ടുകട നടത്തുന്ന നേതാവ് അവഗണിച്ചു. നൽകാൻ ഭക്ഷണമില്ലെന്ന് പറയുകയും അതോടൊപ്പം ബിജെപി പ്രവർത്തകർക്ക് നൽകുകയും ചെയ്തു. ഇതോടെയാണ് തർക്കവും കൈയാങ്കളിയും ഉണ്ടായത്. സംഘർഷത്തിനുപിന്നാലെ ബാക്കിയുള്ള ബിജെപി പ്രവർത്തകരെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തിയിരുന്നു. വെല്ലുവിളിച്ച് മടങ്ങിയ ഫിലിപ്പ് മാർട്ടിൻ തിരികെ വരുമെന്ന് കണക്കുകൂട്ടി ഇവർ സംഘടിച്ചുനിൽക്കുമ്പോഴാണ് തോക്കുമായി എത്തി വെടി ഉതിർത്തതും തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളും.