കൊടുങ്ങല്ലൂർ
ഗോത്രാചാര പെരുമയിൽ ശ്രീകുരുംബക്കാവിൽ തിങ്കളാഴ്ച കോഴിക്കല്ല് മൂടും. കൊടുങ്ങല്ലൂർ ഭരണി മഹോത്സവത്തിലേക്ക് ജനങ്ങളെ വരവേൽക്കാൻ കൊടുങ്ങല്ലൂർ കാവൊരുങ്ങി. ആചാരാനുഷ്ഠാനങ്ങൾക്ക് തിങ്കളാഴ്ച നടക്കുന്ന കോഴിക്കല്ല് മൂടൽ ചടങ്ങുകളോടെ തുടക്കമാകും.
മീനമാസത്തിലെ തിരുവോണ നാളിൽ ക്ഷേത്രത്തിന്റെ വടക്കെ നടയിലാണ് ചടങ്ങുകൾ നടക്കുക. ഉച്ച പൂജയ്ക്ക് ശേഷം രാവിലെ പതിനൊന്നോടെ ചടങ്ങുകൾക്ക് തുടക്കമാകും. പാരമ്പര്യാവകാശികളായ കൊടുങ്ങല്ലൂർ ഭഗവതി വീട്ടിലെ പ്രതിനിധികളും വടക്കെ മലബാറിലെ തച്ചോളി തറവാടിനെ പ്രതിനിധാനം ചെയ്തെത്തുന്ന പ്രതിനിധികളും ചേർന്നാണ് ചടങ്ങുകൾ നിർവഹിക്കുക. വടക്കെനടയിലെ പ്രധാന ദീപസ്തംഭത്തിന് താഴെയായി വൃത്താകൃതിയിലുള്ള കോഴിക്കല്ലുകൾ ഭഗവതി വീട്ടുകാർ കുഴികുത്തി മൂടി മണൽത്തിട്ടയുണ്ടാക്കി ചെമ്പട്ട് വിരിക്കും.ഇതോടെ തച്ചോളി വീട്ടിൽ നിന്നുള്ള കോഴികളെ കോഴിക്കല്ലിൽ സമർപ്പിച്ച് ചടങ്ങുകൾ പൂർത്തിയാക്കും. ഏപ്രിൽ മൂന്നിന് തൃച്ചന്ദനച്ചാർത്ത് പൂജയും അശ്വതി കാവ് തീണ്ടലും നടക്കും.