കൊച്ചി
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും. കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെ മൂന്നാംഘട്ട ചോദ്യം ചെയ്യലാണിത്. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യൽ. ദിലീപിന്റെയും ബന്ധുക്കളുടെയും എട്ട് ഫോൺ അന്വേഷകസംഘം പരിശോധിച്ചു. ഇതിൽനിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ.
വാട്സാപ് ചാറ്റും സംഭാഷണങ്ങളും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഭൂരിഭാഗവും ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ തിരിച്ചെടുത്തു. സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ വീഡിയോ–-ഓഡിയോ ക്ലിപ്പ്, നടിയെ ആക്രമിച്ച ദൃശ്യം ദിലീപ് കണ്ടെന്ന വെളിപ്പെടുത്തൽ, ഫോണിലെ വിവരം, മുംബൈയിലെ ലാബിൽനിന്ന് മായ്ച്ച രണ്ട് ഫോണിലെ ചിത്രം, സൈബർ വിദഗ്ധൻ സായ് ശങ്കർ നശിപ്പിച്ച നാലു ഫോണിലെ വിവരം, സായ് ശങ്കറിന്റെ മൊഴി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യംചെയ്യൽ. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ഒന്നാംപ്രതിയാണ് ദിലീപ്. കേസിൽ മൂന്നുദിവസങ്ങളിലായി 33 മണിക്കൂർ ദിലീപിനെ ചോദ്യം ചെയ്തിരുന്നു.