തിരുവനന്തപുരം
അമ്പത് ലക്ഷം അംഗത്വ വിതരണം മാർച്ചിനുള്ളിൽ പൂർത്തിയാക്കി പാർടി കൈപ്പിടിയിൽ നിർത്താൻ ലക്ഷ്യമിട്ട് കെ സുധാകരനും സംഘവും നടത്തിയ നീക്കം പൊളിഞ്ഞു. ബുക്ക് നൽകി അംഗത്വം വിതരണം ചെയ്യാനുള്ള ശ്രമം ‘ഡിജിറ്റൽ അംഗത്വം’ എന്ന ഹൈക്കമാൻഡ് നിർദേശം വന്നപ്പോഴേ പാളി. വേണുഗോപാലും സംഘവുമാണ് ബുക്ക് വഴിയുള്ള കളി പൊളിച്ചത്.
അംഗത്വം അമ്പതിനായിരത്തിൽപ്പോലും എത്തിക്കാനാവാത്ത സാഹചര്യത്തിൽ ബുക്ക് കൂടി അനുവദിച്ച് സമയവും നീട്ടി നൽകി വേണം വീണ്ടും കളി തുടങ്ങാൻ. ഡിജിറ്റൽ അംഗത്വ പ്രഖ്യാപനത്തോട് കെ സുധാകരൻ അനുകൂലമായല്ല പ്രതികരിച്ചത്. രണ്ടും വേണ്ടെന്ന നിലപാട് ഹൈക്കമാൻഡിനെയും വെട്ടിലാക്കി.
അതിനിടെയാണ് രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിക്കേണ്ടി വന്നത്. വേണുഗോപാലും വി ഡി സതീശനും ചേർന്ന് ജെബി മേത്തറിലൂടെ സീറ്റ് മോഹികൾക്ക് തടയിട്ടപ്പോൾ സുധാകരനും ചെന്നിത്തലയ്ക്കും ഓർക്കാപ്പുറത്ത് കിട്ടിയ അടിയായി. എം ലിജുവിനെ ഉറപ്പിച്ച് ഡൽഹിയിലേക്ക് പോയ ഇവർ നാണംകെട്ടു. ഇപ്പോഴും കോൺഗ്രസിൽ രാജ്യസഭ നീറുന്നുണ്ടെങ്കിലും വേണുഗോപാലും സതീശനും ചേർന്ന് കെ–-റെയിൽ സമരം പൊലിപ്പിച്ച് മറച്ചുവയ്ക്കുകയാണ്. അത് മനസ്സിലാക്കി ചെന്നിത്തലയോ സുധാകരനോ സമരത്തിൽ സജീവമല്ല. എ ഗ്രൂപ്പിന് സമ്മതയായ ജെബി മേത്തറിനെ സ്ഥാനാർഥിയാക്കിയതോടെ ഉമ്മൻചാണ്ടി വേണുഗോപാലിനെയും സതീശനെയും സഹായിക്കുന്ന നിലപാടിലാണ്.
പുതിയ ചേരികളും ഗ്രൂപ്പുകളും തമ്മിൽ കടുത്ത രോഷം പുകയുന്ന കോൺഗ്രസിൽ അംഗത്വം വിതരണം പൂർത്തിയാക്കുക എളുപ്പമാകില്ല. സുധാകരൻ തയ്യാറാക്കിയ ഡിസിസി, ബ്ലോക്ക് പുനഃസംഘടന ലിസ്റ്റ് പുറത്തു വിടേണ്ടെന്ന നിർദേശമാണ് വേണുഗോപാൽ നൽകിയിരിക്കുന്നത്. ഇത് അംഗത്വ വിതരണത്തിലും പ്രതിഫലിക്കും.