കോട്ടയം
സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് ഞായർ 30 വർഷം തികഞ്ഞു. കൊലക്കേസിൽ സമാനതകളില്ലാത്ത നിയമപോരാട്ടം നടത്തിയാണ് 2020 ഡിസംബർ 23ന് രണ്ട് പ്രതികളെ ജീവപര്യന്തം കഠിനതടവിന് സിബിഐ കോടതി ശിക്ഷിച്ചത്. കോട്ടയം മാമ്മൻ മാപ്പിള ഹാളിന് പുറകിലുള്ള പയസ് ടെൻത് കോൺവെന്റ് അന്തേവാസിയും ബിസിഎം കോളേജ് വിദ്യാർഥിയുമായിരുന്ന അഭയയെ കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത് 1992 മാർച്ച് 27 പുലർച്ചെയാണ്.
രണ്ട് പ്രതികൾ ജയിലിൽ
അഭയ കൊല്ലപ്പെട്ട കേസിൽ പ്രതികളെന്ന് കോടതി കണ്ടെത്തിയ രണ്ടുപേരും നിലവിൽ ജയിൽശിക്ഷ അനുഭവിക്കുകയാണ്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒരാളെ വെറുതെവിട്ടു. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ (72) പൂജപ്പുര സെൻട്രൽ ജയിലിൽ ഇരട്ട ജീവപര്യന്തം തടവ് അനുഭവിക്കുന്നു. രണ്ടാം പ്രതി സിസ്റ്റർ സെഫി തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിത ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നു. ഇരുവരുടെയും പരോൾ അപേക്ഷ പലതവണ സർക്കാരിന് ലഭിച്ചെങ്കിലും സർക്കാർ നിരസിച്ചു.
ശിക്ഷാവിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതിയിലുണ്ട്, പരിഗണിച്ചിട്ടില്ല. അഭയയുടെ മാതാപിതാക്കളടക്കം മരിച്ചിട്ടും കേസിന്റെ തുടക്കംമുതൽ ഓടിനടന്ന ആക്ഷൻകൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കലാണ് ഇപ്പോഴും കേസ് നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നത്.