ന്യൂഡൽഹി
വാങ്ങിയതിന്റെ പണം ഉടൻ നൽകിയില്ലെങ്കിൽ ഇനി കൽക്കരി തരില്ലെന്ന് കേന്ദ്ര സർക്കാരിനോട് ജാർഖണ്ഡ്. ഖനികൾ പൂട്ടുമെന്നും ബജറ്റ് ചർച്ചയ്ക്കിടെ മുഖ്യമന്ത്രി ഹേമന്ദ് സോറൻ മുന്നറിയിപ്പ് നൽകി. കേന്ദ്രസർക്കാർ പൊതുമേഖലാ കമ്പനികൾ ജാർഖണ്ഡ് സർക്കാരിന് നൽകാനുള്ളത് 1.36 ലക്ഷം കോടി രൂപയാണ്. നിതി ആയോഗ് വഴി ചർച്ച നടത്തിയിട്ടും ഫലമില്ല. പണം നൽകിയില്ലെങ്കിൽ ഖനികൾക്ക് ചുറ്റും പൊലീസ് ബാരിക്കേഡുയർത്തും. പണം ഉടൻ നൽകണമെന്നാവശ്യപ്പെട്ട് കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കത്തുനൽകിയിരുന്നു.
സാമ്പത്തികപ്രതിസന്ധിയിലായ സംസ്ഥാനത്ത് സാമൂഹ്യ–-സാമ്പത്തിക പദ്ധതി നടപ്പാക്കാനാകുന്നില്ല. പണം നൽകാത്ത കോൾ ഇന്ത്യയുമായുള്ള ഇടപാട് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വർഷം സോറൻ പറഞ്ഞിരുന്നു. രാജ്യത്തിനാവശ്യമായ 80 ശതമാനം കൽക്കരിയും നൽകുന്നത് ജാർഖണ്ഡാണ്.