ന്യൂഡൽഹി
പൊതുപണിമുടക്ക് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരായ ശക്തമായ താക്കീതാകും. വർഗീയത ആയുധമാക്കി തുടർച്ചയായി ബിജെപി തെരഞ്ഞെടുപ്പ് ജയിക്കുമ്പോഴും വിലക്കയറ്റം, ഇന്ധനവിലവർധന, തൊഴിലില്ലായ്മ തുടങ്ങിയവയാൽ സാധാരണക്കാർ ദുരിതത്തിലാണ്. ഇവരെ ഏകോപിപ്പിച്ച് പ്രക്ഷോഭ പാതയിലേക്ക് കൊണ്ടുവരുന്നതിന് പണിമുടക്ക് സഹായകമാകും. മോദി സർക്കാരിനെ ജനകീയ പ്രക്ഷോഭത്തിലൂടെ മുട്ടുകുത്തിക്കാമെന്നതിന് കർഷക സമരം തെളിവായിരുന്നു. ജനദ്രോഹ നടപടികളെ തിരുത്താനും സമാനമായ ജനകീയ മുന്നേറ്റമാണ് ആവശ്യം. പൊതുമേഖലാ വിറ്റഴിക്കലിനെതിരായ പ്രതിഷേധമാകും രണ്ടു ദിവസത്തെ പണിമുടക്കിൽ മുഖ്യമായി ഉയരുക. അധികാരത്തിലെത്തിയതുമുതൽ മോദി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുകയാണ്.
രണ്ട് പൊതുമേഖലാ ബാങ്ക് വിൽക്കുമെന്ന് പ്രഖ്യാപിച്ചു. എൽഐസി ഓഹരി വിൽപ്പനയ്ക്കും ഒരുങ്ങുന്നു. പൊതുമേഖലയെ സംരക്ഷിക്കാനായി മുന്നോട്ടുവരുന്ന കേരളംപോലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം നിരുത്സാഹപ്പെടുത്തുന്നു. 4ജി സ്പെക്ട്രം കൈമാറാതെ ബിഎസ്എൻഎല്ലിനെ തളർത്തി. ഏക പൊതുമേഖലാ വിമാന കമ്പനിയായ എയർഇന്ത്യയെ ചുളുവിലയ്ക്ക് ടാറ്റാ ഗ്രൂപ്പിന് കൈമാറി. രാജ്യത്തെ ലക്ഷക്കണക്കിന് ബാങ്ക്–- ഇൻഷുറൻസ് ജീവനക്കാർ പൂർണമായും പണിമുടക്കിൽ അണിനിരക്കും.
ഇന്ധനവില കേന്ദ്രം തുടർച്ചയായി വർധിപ്പിക്കുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് പണിമുടക്ക്. കേന്ദ്രം ചുമത്തുന്ന ഉയർന്ന സർചാർജും സെസുമാണ് ഉയർന്ന ഇന്ധനവിലയ്ക്ക് കാരണം. മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ പെട്രോളിന്റെ കേന്ദ്ര തീരുവ ലിറ്ററിന് 9.48 രൂപയും ഡീസലിന്റേത് 3.56 രൂപയുമായിരുന്നു. ഇത് പിന്നീട് 32.9 രൂപയായും 31.8 രൂപയായും മോദി സർക്കാർ വർധിപ്പിച്ചു.