കീവ്
റഷ്യയുടെ യഥാർഥ ലക്ഷ്യം രാജ്യത്തെ വിഭജിക്കുകയാണെന്ന് ഉക്രയ്ൻ രഹസ്യാന്വേഷണ വിഭാഗം മേധാവി കിറിലോ ബുദനോവ് ആരോപിച്ചു. ഉക്രയ്നിൽ ‘ഉത്തര കൊറിയയും ദക്ഷിണ കൊറിയയും’ സ്ഥാപിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. പിടിച്ചെടുത്ത പ്രദേശങ്ങളിൽ സമാന്തര സർക്കാർ രൂപീകരിച്ച് ഉക്രയ്ൻ കറൻസി ഉപയോഗിക്കുന്നതിൽനിന്ന് ജനങ്ങളെ വിലക്കാനാണ് നീക്കം. അങ്ങനെയെങ്കിൽ, രാജ്യം പൂർണ ഗറില്ലാ യുദ്ധത്തിന് സാക്ഷ്യം വഹിക്കുമെന്നും ബുദനോവ് പറഞ്ഞു.
പുടിനെ ഒരുതരത്തിലും അധികാരത്തിൽ തുടരാൻ അനുവദിക്കാനാകില്ലെന്ന പോളണ്ടിൽവച്ചുള്ള അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസംഗം വിവാദമായിരുന്നു. എന്നാൽ, അമേരിക്ക റഷ്യൻ സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുകയല്ലെന്ന് വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിശദീകരിച്ചു. അയൽരാജ്യങ്ങളിൽ തന്റെ അധികാരം പ്രയോഗിക്കാൻ പുടിനെ അനുവദിക്കരുത് എന്നാണ് ബൈഡൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബൈഡനെതിരെ ശക്തമായാണ് മോസ്കോ പ്രതികരിച്ചത്. റഷ്യൻ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് രാജ്യത്തെ ജനങ്ങളാണെന്നും അതിൽ അമേരിക്കൻ പ്രസിഡന്റിന് ഒന്നും ചെയ്യാനാകില്ലെന്നും ക്രെംലിൻ പ്രതികരിച്ചു.
ബൈഡന്റെ പ്രസ്താവനയോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും വിയോജിച്ചു. അതിനിടെ, പാശ്ചാത്യ രാജ്യങ്ങൾക്ക് ധൈര്യം പോരെന്ന വിമർശവുമായി ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി രംഗത്തെത്തി. അടിയന്തരമായി തങ്ങൾക്ക് പോർവിമാനങ്ങളും ടാങ്കുകളും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
പോളണ്ട് അതിർത്തിയിലുള്ള ലിവ്യൂവിലേക്ക് തുടർ റോക്കറ്റ് ആക്രമണമുണ്ടായി. കീവിന് പടിഞ്ഞാറ് പ്ലെസെറ്റ്സ്കിലെ ആയുധ ഡിപ്പോയും തകർത്തു. തുറമുഖ നഗരം ഒഡേഷയെയും തകർച്ചയുടെ വക്കിലാണ്. റഷ്യ–- ഉക്രയ്ൻ യുദ്ധം ലോകത്താകമാനം സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി മാനേജിങ് ഡയറക്ടർ ക്രിസ്റ്റലിന ജോർജീവ മുന്നറിയിപ്പ് നൽകി. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലടക്കം ആഭ്യന്തര കലാപം സൃഷ്ടിക്കാനും സാധ്യതയുണ്ട്. ഒരു മാസമായി തുടരുന്ന യുദ്ധം എല്ലാവരുടെയും പരാജയമാണെന്നും ചർച്ചകൾ ത്വരിതപ്പെടുത്തണമെന്നും ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു.
ലുഹാൻസ്കിനെ
റഷ്യയുടെ
ഭാഗമാക്കാൻ
ഹിതപരിശോധന
കിഴക്കൻ ഉക്രയ്നിലെ ലുഹാൻസ്ക് സ്വതന്ത്ര റിപ്പബ്ലിക്കിനെ റഷ്യയുടെ ഭാഗമാക്കുന്നത് സംബന്ധിച്ച് ഹിതപരിശോധനയ്ക്ക് സാധ്യത. ലുഹാൻസ്ക് മേധാവി ലിയോനിഡ് പസെച്നിക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റഷ്യയുടെ ഭാഗമാകുന്നതിനെ ജനങ്ങൾ എതിർക്കുന്നോ അനുകൂലിക്കുന്നോ എന്നറിയാൻ അടുത്തുതന്നെ ഹിതപരിശോധന നടത്തും–- അദ്ദേഹം പറഞ്ഞു. ഉക്രയ്ൻ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ലുഹാൻസ്ക്, ഡൊണെട്സ്ക് റിപ്പബ്ലിക്കുകളെ അംഗീകരിക്കുന്നതായി റഷ്യ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം യുദ്ധത്തിന്റെ ഒന്നാംഘട്ടം അവസാനിക്കുന്നതായി പ്രഖ്യാപിച്ച റഷ്യൻ സൈന്യം ഈ മേഖലകളുടെ പൂർണ മോചനത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വ്യക്തമാക്കി.