ഇസ്ലാമാബാദ്
അവിശ്വാസ പ്രമേയത്തിൽ പരാജയം മുന്നിൽക്കണ്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജി പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമായി നിലനിൽക്കെ, പ്രതിസന്ധി ഒഴിവാക്കാൻ പ്രതിപക്ഷവുമായി ധാരണ. ഇതു പ്രകാരം പാകിസ്ഥാൻ പീപ്പിൾസ് പാർടി നേതാവ് യൂസുഫ് റാസ ഗിലാനിയെ ഉപരിസഭയായ സെനറ്റിന്റെ ചെയർമാനാക്കും. ഇമ്രാന്റെ പാർടി പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫിനും (പിടിഐ) പ്രതിപക്ഷ പാർടികൾക്കും സൈന്യത്തിനും ഒരുപോലെ അനഭിമതനായ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ അഹമ്മദ് ഖാൻ ബുസാദറിനോട് ഉടൻ രാജി വയ്ക്കാൻ ഇമ്രാൻ ആവശ്യപ്പെടും.
പിടിഐക്ക് ലഭിച്ച വിദേശ ധനസഹായത്തിന്റെ വിഷയത്തിലും നീതിപൂർവമായ തീരുമാനമെടുക്കാൻ സർക്കാർ തയ്യാറാകേണ്ടി വരും. വിദേശത്തുനിന്ന് ലഭിച്ച 20 ലക്ഷം ഡോളർ തെരഞ്ഞെടുപ്പ് കമീഷനിൽനിന്ന് മറച്ചുവച്ചെന്ന ആരോപണം പിടിഐക്കും പ്രതിപക്ഷത്തിനുമിടയിൽ അസ്വാരസ്യം രൂക്ഷമാക്കിയിരുന്നു. സൈന്യത്തിൽ ഉടൻ പുതിയ നിയമനം ഉണ്ടാകരുതെന്നും പിപിപി, പാകിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്), ജാമിയത് ഉലമ ഇ ഇസ്ലാം എന്നീ പ്രധാന പ്രതിപക്ഷ പാർടികൾ മുന്നോട്ടുവച്ച ആവശ്യങ്ങളിൽ പറയുന്നു. ഈ ധാരണ അംഗീകരിച്ചതായും പൊതുതെരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള തീരുമാനമുണ്ടാകുമെന്നുമാണ് വിവരം. ഇസ്ലാമാബാദിൽ ഞായറാഴ്ച വൈകിട്ട് സംഘടിപ്പിച്ച വമ്പൻ റാലിയിൽ ഇമ്രാൻ സംസാരിച്ചു.
തന്റെ സമൂഹമാധ്യമ പേജുകളിലെ വ്യക്തിവിവരത്തിൽ ‘പാകിസ്ഥാൻ പ്രധാനമന്ത്രി’ എന്ന വിവരണം ‘രാഷ്ട്രീയക്കാരൻ’ എന്ന് മാറ്റിയതോടെ റാലിയിൽ ഇമ്രാൻ രാജി പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇമ്രാനെതിരെ പ്രതിപക്ഷ കക്ഷികൾ നൽകിയ അവിശ്വാസ പ്രമേയം പരിഗണിക്കുന്നത് തിങ്കൾ വൈകിട്ട് ചേരുന്ന ദേശീയ അസംബ്ലി യോഗത്തിൽ തീരുമാനിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാനെ 3 എലികൾ
കരണ്ടുതിന്നുന്നു: ഇമ്രാൻ ഖാൻ
അവിശ്വാസ പ്രമേയവും രാജി സംബന്ധിച്ച അഭ്യൂഹങ്ങളും സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധിക്കിടെ, ഇസ്ലാമാബാദിൽ ഭരണകക്ഷിയായ പാകിസ്ഥാൻ തെഹ്രീക് ഇ ഇസ്ലാമിയുടെ വമ്പൻ ശക്തിപ്രകടനം. ഞായറാഴ്ച വൈകിട്ട് സംഘടിപ്പിച്ച വൻ റാലിയെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഭിസംബോധന ചെയ്തു. 30 വർഷമായി രാജ്യത്തെ മൂന്ന് എലികൾ കരണ്ടുതിന്നുകയാണെന്ന് ഇമ്രാൻ ആരോപിച്ചു. പാകിസ്ഥാൻ പീപ്പിൾസ് പാർടി, പാകിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്), ജാമിയത് ഉലെമ ഇ ഇസ്ലാം എന്നീ പ്രധാന പ്രതിപക്ഷ പാർടികൾക്കെതിരെ പ്രസംഗത്തിലുടനീളം ഇമ്രാൻ ആഞ്ഞടിച്ചു.
അഴിമതിക്കേസിൽ കുടുങ്ങിയ രാഷ്ട്രീയ നേതാക്കളെ ഈ പാർടികൾ സംരക്ഷിക്കുകയാണെന്നും പറഞ്ഞു. സർക്കാരിനെ താഴെ ഇറക്കാൻ ഭരണകക്ഷി എംപിമാരെ വിലയ്ക്കെടുക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷമെന്നും ഇമ്രാൻ ആരോപിച്ചു.