തിരുവനന്തപുരം
സ്വകാര്യ സ്കൂളുകളിൽനിന്ന് പൊതുവിദ്യാലയത്തിലേക്ക് മാറാനാഗ്രഹിക്കുന്നവർക്ക് ടിസി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) ലഭ്യമായില്ലെങ്കിലും പഠനം മുടങ്ങില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ടിസി ഇല്ലാത്തതിന്റെപേരിൽ ആരെയും പൊതുവിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കാതിരിക്കില്ല. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകളുടെ വിവരം ശേഖരിക്കും. ഇതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സ്വയം പ്രഖ്യാപിത സ്കൂളിന്റെ പ്രവർത്തനം അനുവദിക്കില്ല.
കച്ചവടത്തിന്
കടിഞ്ഞാണിടും
സ്വകാര്യ സ്കൂളുകളിൽ പ്രവേശന പരീക്ഷ നടത്തുന്നത് നിയമ വിരുദ്ധമാണ്. നിയമങ്ങളിലോ ചട്ടങ്ങളിലോ ഇതില്ല. ചില അൺഎയ്ഡഡ് സ്കൂളുകൾ എൽകെജി, യുകെജി പ്രവേശനത്തിന് വൻ തുക നിക്ഷേപവും അനുവദനീയമല്ലാത്ത ഫീസും വാങ്ങുന്നുണ്ട്. കച്ചവടത്തിന് കടിഞ്ഞാണിടുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിദൂരങ്ങളിൽനിന്ന് വരുന്നവർ
ഉദ്യോഗസ്ഥരില്ലാതെ വലയില്ല
ഇതര ജില്ലകളിൽനിന്ന് വിവിധ ആവശ്യങ്ങൾക്ക് വിദ്യാഭ്യാസ ഓഫീസുകളിലേക്ക് വരുന്നവർക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്നേ ദിവസമുണ്ടെന്ന് ഉറപ്പാക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒട്ടേറെ രക്ഷിതാക്കളും വിദ്യാർഥികളുമാണ് വിവിധ ആവശ്യങ്ങൾക്ക് എത്തിയശേഷം ഉദ്യോഗസ്ഥരില്ലെന്ന കാരണത്താൽ തലസ്ഥാനത്ത് തങ്ങേണ്ടി വരുന്നത്. ഇത് ഒഴിവാക്കാൻ ഔദ്യോഗികമായി മറ്റു ചുമതലകൾക്ക് പോയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഓഫീസിന് പുറത്ത് നോട്ടീസ് ബോർഡിൽ നൽകും. തലേന്ന് ഓഫീസിൽ വിളിച്ച് ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പാക്കാനുള്ള സംവിധാനവും ഒരുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഒന്നാം ക്ലാസ്
പ്രവേശനം:
5 വയസ്സുതന്നെ
അഞ്ചുവയസ്സ് പൂർത്തിയായവർക്ക് അടുത്ത അധ്യയന വർഷവും ഒന്നാം ക്ലാസ് പ്രവേശനം നേടാം. വിദ്യാഭ്യാസ അവകാശ നിയമം ആറ് വയസ്സ് അനുശാസിക്കുന്നുണ്ടെങ്കിലും ഇളവുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രായപരിധി ആറാണ്. അവിടങ്ങളിൽനിന്ന് സംസ്ഥാന സിലബസിലേക്ക് മാറുമ്പോൾ ഇത് തടസ്സമാകുന്നുണ്ട്. ഇത് പരിഹരിക്കാൻ ഇടപെടൽ നടത്തും. 2023–- 24 അധ്യയന വർഷംമുതൽ പ്രായപരിധിയിൽ മാറ്റം ആവശ്യമെങ്കിൽ പരിഗണിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.