കൂത്തുപറമ്പ്
എല്ലാ കമ്യൂണിസ്റ്റുവിരുദ്ധരെയും ഏകോപിപ്പിക്കാനുള്ള അവസരമാക്കി കെ–- റെയിൽവിരുദ്ധ സമരത്തെ മാറ്റുകയാണെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ പറഞ്ഞു. അമ്പത് വർഷംമുമ്പ് ലോകത്ത് തുടങ്ങിയ വികസന പ്രക്രിയ സംസ്ഥാനത്ത് നടപ്പാക്കാനുള്ള ശ്രമത്തെയാണ് അക്രമസമരത്തിലൂടെ എതിർക്കുന്നത്. എല്ലാ വലതുപക്ഷ പിന്തിരിപ്പന്മാരും വികസനവിരുദ്ധ സമരത്തിനൊപ്പം ചേരുകയാണ്. സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ ‘സാംസ്കാരികരംഗവും വലതുപക്ഷ നയങ്ങളും ’ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തെ നശിപ്പിക്കാനാണ് സംഘപരിവാർ ശ്രമം. സാംസ്കാരിക രംഗത്തെ വലതുപക്ഷവൽക്കരിക്കാനുള്ള നീക്കത്തെ എതിർക്കുന്ന എഴുത്തുകാരെയും ജനാധിപത്യവാദികളെയും ഒറ്റപ്പെടുത്തുകയാണ്. മാധ്യമങ്ങളെ വരുതിയിൽനിർത്താനും പലവിധ മാർഗങ്ങൾ പ്രയോഗിക്കുന്നു. മാധ്യമരംഗത്തും മൂല്യശോഷണമുണ്ട്. ഇഷട്മില്ലാത്തവരെയാണ് ചാനലുകളുടെ അന്തിച്ചർച്ചയിൽ വിചാരണചെയ്യുന്നത്.
മതമൗലികവാദികളുടെ ഭീഷണി ചലച്ചിത്രമേഖലയിലും ശക്തമാണ്. വർഗീയവാദികൾക്ക് അനുകൂലമായ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നു. മനുഷ്യദൈവങ്ങളുടെ വളർച്ചയും ആശങ്കപ്പെടുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.
നോവലിസ്റ്റ് എം മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. പുരോഗമന കലാ, സാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ, ഡോ. ഖദീജ മുംതാസ്, എം സുകുമാരൻ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ധനഞ്ജയൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി ബാലൻ സ്വാഗതം പറഞ്ഞു. മികച്ച സംഘാടകസമിതി ഓഫീസുകൾക്കുള്ള സമ്മാനം ചടങ്ങിൽ നൽകി. ലീജ ദിനൂപിന്റെ വരനടനവും ചിത്രകാര കൂട്ടായ്മയും സംഗീതവിരുന്നുമുണ്ടായി.