തിരുവനന്തപുരം
സാങ്കേതിക നൈപുണ്യമുള്ള വൈജ്ഞാനിക സമൂഹനിർമാണം ലക്ഷ്യമാക്കി സാങ്കേതിക സർവകലാശാലയുടെ എംടെക് കോഴ്സ് സമഗ്രമായി പരിഷ്കരിക്കും. കോഴ്സ് നടത്തിപ്പിലും ഘടനയിലും ഉള്ളടക്കത്തിലും മൂല്യനിർണയത്തിലും സമ്പൂർണ അഴിച്ചുപണിക്കാണ് തീരുമാനം.
ഇനി സർവകലാശാല
നേരിട്ട്
നിലവിൽ 10 മേഖലാടിസ്ഥാനത്തിലുള്ള ക്ലസ്റ്റർ ലെവൽ ഗ്രാജ്വേറ്റ് സമിതികളാണ് എംടെക് കോഴ്സ് സിലബസ് രൂപീകരണവും പരീക്ഷയും മൂല്യനിർണയവുമെല്ലാം നടത്തുന്നത്. ഇതിനുപകരം സർവകലാശാല നേരിട്ടുള്ള നിയന്ത്രണത്തിൽ എംടെക് കോഴ്സ് നടത്തും. ഏകീകൃത സംവിധാനം 2022-–-23 അധ്യയന വർഷംമുതൽ നടപ്പാക്കും.
അഭിരുചിക്കനുസരിച്ച്
ട്രാക്ക്
എംടെക് കോഴ്സുകൾക്ക് ഏകീകൃത ഘടനയായിരിക്കും. രണ്ടുവർഷമുള്ള കോഴ്സിന്റെ ആദ്യ രണ്ട് സെമസ്റ്റർ മാത്രമായിരിക്കും ക്ലാസ് റൂം പഠനം. രണ്ടാംവർഷം മൂക് കോഴ്സുകൾക്കും വ്യവസായ ബന്ധിത ഇന്റേൺഷിപ്പിനും പ്രോജക്ടിനുമായിരിക്കും. രണ്ടാം വർഷം വിദ്യാർഥികൾക്ക് രണ്ട് ട്രാക്കിൽനിന്ന് അഭിരുചിക്കനുസരിച്ചുള്ള ഒന്ന് തെരഞ്ഞെടുക്കാം. ഒന്നാം ട്രാക്ക് തെരഞ്ഞെടുക്കുന്നവർക്ക് റെഗുലർ എംടെക് ബിരുദം ലഭിക്കും. രണ്ടാം ട്രാക്ക് ഉന്നതപഠനവും ഗവേഷണവും സംരംഭകത്വവും ലക്ഷ്യമിടുന്നവർക്കാണ്. 123 എംടെക് കോഴ്സുകളെ 75 ഗ്രൂപ്പുകളായി തിരിക്കും. ആകെയുള്ള 68 ക്രെഡിറ്റിൽ ആദ്യ രണ്ടു സെമസ്റ്ററിൽ 18 വീതവും അവസാന രണ്ട് സെമെസ്റ്ററിൽ 16 വീതവുമാണ് നേടേണ്ടത്. സെമസ്റ്ററിൽ 12 ക്രെഡിറ്റെങ്കിലും നേടിയാലേ മൂന്നിലേക്ക് രജിസ്റ്റർ ചെയ്യാനാകൂ.
പ്രാവീണ്യം ഉറപ്പാക്കും
വ്യവസായം, പഠനഗവേഷണം, സംരംഭകത്വം എന്നീ മേഖലകളിലെ പ്രാവീണ്യം ഉറപ്പുവരുത്തുംവിധമാണ് കോഴ്സ് ഉള്ളടക്കം. പ്രോജക്ട് അധിഷ്ഠിത പ്രായോഗിക പഠനങ്ങളും സന്ദർശനങ്ങളും, അനുഭവപരമായ പഠനങ്ങൾ, നിർബന്ധിത വ്യവസായബന്ധിത ഇന്റേൺഷിപ്പുകൾ, മിനി പ്രോജക്ടുകൾ തുടങ്ങിയവയെല്ലാം സിലബസിന്റെ ഭാഗമാകും.
വ്യക്തി മികവ് വിലയിരുത്തും
പ്രായോഗികത, വിശകലനാത്മകത, ഡിസൈൻ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകും മൂല്യനിർണയം. മൂല്യനിർണയത്തിൽ വിദ്യാർഥിയുടെ വ്യക്തിപരമായ മികവിനെ വിലയിരുത്തും. ആദ്യ രണ്ട് സെമസ്റ്ററിലെ 36 ക്രെഡിറ്റിൽ 15ന് മാത്രമേ യൂണിവേഴ്സിറ്റി പരീക്ഷ ഉണ്ടാകൂ. കോർ വിഷയത്തിന്റെ 100 മാർക്കിൽ 40 മാർക്ക് ആഭ്യന്തര മൂല്യനിർണയത്തിനാണ്.