കൊച്ചി> വധഗൂഢാലോചനക്കേസിൽ ദിലീപിനെതിരെ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ നിർണായക മൊഴി. ദിലീപിന്റെ ഫോണിൽനിന്ന് നശിപ്പിച്ച രേഖകളുടെ കൂട്ടത്തിൽ സുപ്രധാന കോടതിരേഖകളുണ്ടെന്നാണ് സായ് ശങ്കർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. കൂടുതൽ വ്യക്തതയ്ക്കായി ഇയാളെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വാട്സാപ് ചാറ്റുകളുൾപ്പെടെ പ്രധാന തെളിവുകൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സായ് ശങ്കറിന്റെ സഹായത്തോടെയാണ് ഇതെന്ന് കണ്ടെത്തിയ ക്രൈംബ്രാഞ്ച് ഇയാളെ മുമ്പ് ചോദ്യം ചെയ്തിരുന്നു. അതിലാണ് നിർണായക മൊഴി ലഭിച്ചത്. ദിലീപിന്റെ അഭിഭാഷകൻ നിർദേശിച്ചതനുസരിച്ചാണ് ഫോണിലെ വിവരങ്ങൾ നീക്കിയതെന്ന് സായ് ശങ്കർ മൊഴി നൽകി. നീക്കംചെയ്ത കൂട്ടത്തിൽ കോടതിരേഖകളും ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി. മൊഴി സത്യമെന്ന് തെളിഞ്ഞാൽ, പകർപ്പെടുക്കാൻ അനുവാദമില്ലാത്ത കോടതിരേഖകൾ എങ്ങനെ ദിലീപിന്റെ ഫോണിൽ എത്തിയെന്നത് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും.
വിശദമായി ചോദ്യംചെയ്യാൻ സായ് ശങ്കറിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങൾ പറഞ്ഞ് ഇയാൾ ഹാജരായില്ല. തുടർന്ന് ഇയാൾ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കൂടുതൽ വാദത്തിനായി മാറ്റിയിരിക്കുകയാണ്.