ലോകനാടക ദിനം ആചരിക്കുമ്പോൾ കേരളം മറക്കാൻ പാടില്ലാത്ത ഒരു പേരുണ്ട്, പന്നിയംപള്ളി ശങ്കുണ്ണി വാര്യർ. പരത്തിപ്പറഞ്ഞാൽ ആളെ പിടികിട്ടിയെന്ന് വരില്ല. മറ്റാരുമല്ല, പി എസ് വാര്യർ. 1902ൽ കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപിച്ച അതേ ആചാര്യൻ തന്നെ. ആയുർവേദത്തിന്റെ യശസ്സ് ലോകം മുഴുവനെത്തിക്കാൻ ഒരായുഷ്‌കാലം മുഴുവൻ പരിശ്രമിച്ച പി എസ് വാര്യർ തമിഴ് സംഗീത നാടകത്തിന്റെ സ്വാധീനത്തിൽനിന്ന് മലയാള നാടകവേദിയെ മോചിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പരമശിവ വിലാസം നാടകക്കമ്പനി തുടങ്ങിയത്. 1909 മുതൽ മുപ്പത് വർഷക്കാലം പ്രവർത്തിച്ച നാടകക്കമ്പനി 1939ൽ കഥകളിക്ക് പ്രാധാന്യമേകുന്ന പിഎസ്‌വി നാട്യസംഘമാക്കി മാറ്റുകയായിരുന്നു.
ലോകനാടക ദിനം ആചരിക്കുമ്പോൾ കേരളം മറക്കാൻ പാടില്ലാത്ത ഒരു പേരുണ്ട്, പന്നിയംപള്ളി ശങ്കുണ്ണി വാര്യർ. പരത്തിപ്പറഞ്ഞാൽ ആളെ പിടികിട്ടിയെന്ന് വരില്ല. മറ്റാരുമല്ല, പി എസ് വാര്യർ. 1902ൽ കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപിച്ച അതേ ആചാര്യൻ തന്നെ. ആയുർവേദത്തിന്റെ യശസ്സ് ലോകം മുഴുവനെത്തിക്കാൻ ഒരായുഷ്‌കാലം മുഴുവൻ പരിശ്രമിച്ച പി എസ് വാര്യർ തമിഴ് സംഗീത നാടകത്തിന്റെ സ്വാധീനത്തിൽനിന്ന് മലയാള നാടകവേദിയെ മോചിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പരമശിവ വിലാസം നാടകക്കമ്പനി തുടങ്ങിയത്. 1909 മുതൽ മുപ്പത് വർഷക്കാലം പ്രവർത്തിച്ച നാടകക്കമ്പനി 1939ൽ കഥകളിക്ക് പ്രാധാന്യമേകുന്ന പിഎസ്‌വി നാട്യസംഘമാക്കി മാറ്റുകയായിരുന്നു.
മലയാള നാടക വേദിയുടെ പ്രാരംഭകാലത്ത് തന്നെ കോട്ടക്കലിൽ കുറെ ചെറുപ്പക്കാർ നാടകപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയിരുന്നു. 1908ൽ അവർ കോട്ടക്കൽ കേന്ദ്രമാക്കി മലയാള സംഗീതനാടക യോഗം രൂപീകരിച്ചു. പി വി കൃഷ്‌ണവാര്യർ, എം. അപ്പുക്കുട്ടൻ വെള്ളോടി. ടി എം രാവുണ്ണി നെടുങ്ങാടി, തെക്കെ മഠത്തിൽ പരമേശ്വര പട്ടർ, മാണിക്കത്ത് അപ്പുണ്ണി മേനോൻ തുടങ്ങിയവരായിരുന്നു നാടകയോഗത്തിന്റെ അമരത്ത്. ടി ബി അച്യുത മേനോൻ രചിച്ച സംഗീത നൈഷധമാണ് ആ സംഘം അവതരിപ്പിച്ചത്. പി എസ് വാര്യർ ഈ സംഘവുമായി സഹകരിച്ചിരുന്നു. മലയാള സംഗീത നാടക യോഗത്തിന്റെ പ്രവർത്തനം ഒരു വർഷം കൊണ്ട് നിലച്ചതോടെയാണ് പി എസ് വാര്യർ പരമശിവ വിലാസം നാടകക്കമ്പനി തുടങ്ങിയത്.
മലയാള നാടകവേദിക്ക് പ്രാരംഭകാലത്ത് സ്വന്തമായ അസ്‌തിത്വം ഉണ്ടാക്കിയെടുക്കുന്നതിന് വെല്ലുവിളിയായിരുന്നത് മലയാള സംഗീത നാടകങ്ങളുടെ അഭാവമായിരുന്നു. അതിനാൽ തന്റെ നാടക സംഘത്തിന്റെ ആവശ്യത്തിന് വേണ്ടി പി എസ് വാര്യർ മലയാള സംഗീത നാടകങ്ങൾ രചിച്ചു. കാളിദാസന്റെ ശാകുന്തളം പരിഭാഷയായിരുന്നു ആദ്യദൗത്യം. സംഗീത ശാകുന്തളം എന്ന പേരിൽ അത് സംഗീത നാടകമായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. നാടകം അതേപേരിൽ പുസ്‌തകമാക്കുകയും ചെയ്‌തു. അതിന് അവതാരിക എഴുതിയിരുന്നത് സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയായിരുന്നു.
തമിഴിൽ അവതരിപ്പിച്ചിരുന്ന സംഗീത നാടകങ്ങളെ മലയാളത്തിലേക്ക് സ്വതന്ത്രമായി മൊഴിമാറ്റി അവതരിപ്പിക്കുകയും ചെയ്‌തു. പ്രഹ്ലാദ ചരിത്രം, രാമായണം വിച്ഛിന്നാഭിഷേകം, പാദുകപട്ടാഭിഷേകം, സുഗ്രീവസംഖ്യം, ലങ്കാദഹനം, രാവണവധം, സമ്പൂർണരാമായണം, ദ്രൗപദീവസ്‌ത്രാക്ഷേപം, പാണ്ഡവവനവാസം ഒന്നും രണ്ടും ഭാഗങ്ങൾ, അജ്ഞാതവാസം, ദക്ഷചരിത്രം, ഹരിശ്ചന്ദ്രചരിതം, അയോദ്ധ്യാഘട്ടം തുടങ്ങിയവ ഇതിൽപെടുന്നു. എഴുത്തച്‌ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ടിനെ ആസ്‌പദമാക്കി പാദുക പട്ടാഭിഷേകം, സുഗ്രീവസംഖ്യം, ലങ്കാദഹനം, രാവണവധം എന്നീ നാടകങ്ങളും രചിച്ചു. തുടങ്ങിയവ തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ടിനെ ആസ്‌പദമാക്കി രചിച്ചവയായിരുന്നു. ഹരിശ്ചന്ദ്രചരിതം അയോധ്യാഘട്ടം സംസ്‌കൃതത്തിൽ നിന്നാണ് മലയാളത്തിലേക്ക് മാറ്റിയത്. തമിഴ് സംഗീത നാടകങ്ങളായിരുന്ന ഹരിശ്ചന്ദ്രചരിതം കാശീഘട്ടം, ഹരിശ്ചന്ദ്രചരിതം ശ്‌മശാനഘട്ടം, നല്ലതങ്കാൾ ചരിതം, അല്ലിറാണി ചരിത്രം, ഗുലേബക്കാവലി, പാർസിലളിതാംഗി, പാരിജാതപുഷ്‌പാഹരണം, കോവിലൻ ചരിത്രം തുടങ്ങിയവയും പരിഭാഷപ്പെടുത്തി മലയാള സംഗീത നാടകങ്ങളാക്കി അവതരിപ്പിച്ചു.
മധുരയിലെ ബാലമീനരഞ്ജിനീസഭയിൽ കലാകാരനായിരുന്ന എ സി അച്യുതൻ നായർ എന്ന പതിനാറുകാരൻ ചികിത്സതേടി അക്കാലത്ത് കോട്ടക്കലിൽ എത്തി. അദ്ദേഹത്തെയും തന്റെ നാടക സംഘത്തിൽ ചേരാൻ പ്രേരിപ്പിച്ചു. തമിഴ് നാടകങ്ങൾ സംഘത്തെ പഠിപ്പിക്കാൻ വാര്യർ നിർദേശിച്ചു. നിരവധി തമിഴ്‌നാടകങ്ങളും നാടൊട്ടുക്ക് അവതരിപ്പിച്ചു. നാടകരചനയ്‌ക്കൊപ്പം സംവിധാനത്തിനും സംഗീത സംവിധാനത്തിനും ഈ ആയുർവേദാചാര്യൻ സമയം കണ്ടെത്തി.
കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഒരനുബന്ധ സ്ഥാപനമായിരുന്നു നാടകക്കമ്പനി. സംഘാംഗങ്ങളുടെ യാത്ര, ഭക്ഷണം, താമസം എന്നിവയിൽ മാത്രമല്ല ആര്യവൈദ്യശാലയിൽ ജോലി ചെയ്യുന്ന മറ്റുള്ളവർക്ക് കിട്ടുന്നതിന് തുല്യമായ ഒരു തുക സ്ഥിരം വരുമാനം ഉറപ്പാക്കാനും ശ്രദ്ധിച്ചു.
ചരിത്രം പിറന്ന പി എസ് വി ഡ്രാമാറ്റിക് ഹാൾ ‐ കേരളത്തിലെ ആദ്യത്തെ നാടകതിയറ്ററും (1924) മലബാറിലെ ആദ്യത്തെ ആര്യവൈദ്യ പാഠശാലയും (1917) ഇവിടെ തുടങ്ങി
കോട്ടക്കൽ ആര്യവൈദ്യശാലാ സ്റ്റോറിനോടനുബന്ധിച്ച് സ്റ്റേജ് അടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു. പുറംനാടുകളിലേക്കു പോകുമ്പോൾ താൽക്കാലിക ഹാളുകൾ കെട്ടിയുണ്ടാക്കുകയോ, സ്ഥിരം ഹാളുകൾ വാടകയ്‌ക്ക് എടുക്കുകയോ ആണ് ചെയ്‌തിരുന്നത്. 1923ൽ ആര്യവൈദ്യശാലയുടെ കോഴിക്കോട് കല്ലായി റോഡിലുള്ള ബ്രാഞ്ചിനോടനുബന്ധിച്ചും സ്ഥിരം നാടകഹാൾ പണിതു. പിൽക്കാലത്ത് പാലക്കാട് വടക്കത്തറയിലുള്ള അമിറ്റി ഹാൾ ആര്യവൈദ്യശാലക്ക് വേണ്ടി വാങ്ങിയപ്പോൾ അവിടെ വൈദ്യശാലയുടെ ബ്രാഞ്ചിനൊപ്പം നാടകം അവതരിപ്പിക്കാനുള്ള സ്ഥിരം ഹാൾ സ്ഥാപിച്ചു. കേരളത്തിലെ മൂന്ന് പട്ടണങ്ങളിൽ സ്വന്തമായി സ്ഥിരം നാടകഹാളുള്ളത് പരമശിവ വിലാസം നാടകക്കമ്പനിക്ക് മാത്രമായിരുന്നു. ഈ ഹാളുകൾ മറ്റു കലാപരിപാടികൾ നടത്താൻ സൗജന്യമായാണ് നൽകിയിരുന്നത്. പരമശിവ വിലാസം നാടകക്കമ്പനിയുടെ കൈവശമുണ്ടായിരുന്ന സെറ്റിങ്ങുകൾക്കും വസ്‌ത്രങ്ങൾക്കും മാത്രം അന്ന് ലക്ഷത്തിലേറെ രൂപ വില വരുമായിരുന്നു.
നദിയിലൂടെ തോണി തുഴഞ്ഞുവരുന്ന മുക്കുവൻ, ലങ്കയിലേക്ക് ചാടുന്ന ഹനുമാൻ, കൃഷ്‌ണന്റെ വായിൽ യശോദ ലോകം മുഴുവൻ കാണുന്നത്, കാളിയൻ വിഷം ഛർദ്ദിക്കുന്നത്, വാൽ ചുരുട്ടി ഹനുമാൻ സിംഹാസനത്തിന് തുല്യം ഉയരത്തിലിരിക്കുന്നത്, പാഞ്ചാലി വസ്‌ത്രാക്ഷേപരംഗത്തിൽ വസ്‌ത്രം അനുസ്യൂതമായി നൽകുന്നതും എല്ലാം അവതരിപ്പിച്ചിരുന്നത് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിലായിരുന്നുവെന്ന് പി എസ് വാര്യരുടെ ജീവിത ചരിത്രകാരനായ സി എ വാര്യരുടെയും സഹപ്രവർത്തകരുടെയും കുറിപ്പുകളിൽ വിശദീകരിച്ചിട്ടുണ്ട്.
തമിഴ്, ഹിന്ദി സിനിമകൾ ധാരാളമായി വരാൻ തുടങ്ങിയതോടെ ആളുകൾക്ക് നാടകത്തിൽ താൽപര്യം കുറഞ്ഞതോടെയാണ് നാടകക്കമ്പനി 1939ൽ പിഎസ്‌വി നാട്യസംഘമാക്കി മാറ്റിയത്. 1944ൽ പി എസ് വാര്യർ മരിക്കുംവരെ നാമമാത്രമായെങ്കിലും നാടകാവതരണവും ആ സംഘം നടത്തിയിരുന്നു. നാട്യസംഘത്തിന്റെ ഭാഗമായി തീരാൻ പ്രയാസമുണ്ടായിരുന്നവർക്ക് ആര്യവൈദ്യശാലയിലെ മറ്റു തസ്‌തികകളിൽ നിയമിച്ചു.
മുപ്പത് വർഷക്കാലം പി എസ് വാര്യരും പരമശിവ വിലാസം നാടകക്കമ്പനിയിലെ കലാകാരന്മാരും നടത്തിയ പ്രവർത്തനങ്ങൾ മലയാള നാടകവേദിയുടെ വളർച്ചക്ക് നൽകിയ സംഭാവനകൾ നമ്മുടെ നാടക ചരിത്രത്തിലെ സ്വർണനിറമുള്ള ഒരധ്യായമാണത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..