തിരുവനന്തപുരം> സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമാ കെയർ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ അത്യാഹിത ആംബുലൻസ് സേവനമായ കനിവ് 108 ആംബുലൻസുകൾ സംസ്ഥാനത്ത് ഇതുവരെ നടത്തിയത് 5,02,517 ട്രിപ്പുകൾ. കോവിഡിന്റെ ഒന്നാം തരംഗം മുതൽ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ കനിവ് 108 ആംബുലൻസുകളും ജീവനക്കാരും സജീവമാണ്. 3,44,357 ട്രിപ്പുകളാണ് കോവിഡിന് മാത്രമായി നടത്തിയത്.
അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ആദ്യമായി 108 ആംബുലൻസിൽ വനിത പൈലറ്റിനെ നിയമിച്ചു. എല്ലാ ജില്ലകളിലും വനിത ആംബുലൻസ് പൈലറ്റുമാരെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. അത്യാഹിത സന്ദേശങ്ങളിൽ ഏറ്റവും അധികം ട്രിപ്പ് നടത്തിയത് ഹൃദ്രോഗ സംബന്ധമായ അത്യാഹിത ചികിത്സയ്ക്ക് വേണ്ടിയാണ്. 27,908 ട്രിപ്പുകളാണ് ഇതിനായി നടത്തിയത്. വാഹനാപകടങ്ങളിൽ പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റാനായി 24,443 ട്രിപ്പും നടത്തി. മറ്റു അപകടങ്ങൾ 20,788, ശ്വാസ സംബന്ധമായ അത്യാഹിതങ്ങൾ 16,272, വയറുവേദന 13,582, പക്ഷാഘാതം 8,616, ജെന്നി 5,783, ഗർഭ സംബന്ധമായ അത്യാഹിതം 5,733, വിഷം ചികിത്സ 5,355, കടുത്ത പനി 3,806, പ്രമേഹ സംബന്ധമായ അത്യാഹിതം 3,212, നിപ അനുബന്ധ ട്രിപ്പുകൾ 79, മറ്റ് അത്യാഹിതങ്ങൾ 22,583 എന്നിങ്ങനെ ട്രിപ്പാണ് കഴിഞ്ഞ 30 മാസമായി നടത്തിയത്.
ഇതുവരെ 53 പ്രസവവും കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ നടന്നിട്ടുണ്ട്. 25 വരെയുള്ള കണക്കുകൾ പ്രകാരം തിരുവനന്തപുരത്താണ് ഏറ്റവും അധികം ട്രിപ്പ് നടത്തിയത്–- 69,974. ഏറ്റവും കുറവ് ഇടുക്കിയിലാണ്. 15,002 ട്രിപ്പുകളാണ് ഇവിടെ ക നടത്തിയത്. കൊല്ലം 35,814, പത്തനംതിട്ട 24,534, ആലപ്പുഴ 40,039, കോട്ടയം 32,758, എറണാകുളം 37,829, തൃശൂർ 38,929, പാലക്കാട് 52,404, മലപ്പുറം 44,365, കോഴിക്കോട് 37,037, വയനാട് 18,920, കണ്ണൂർ 33,036, കാസർഗോഡ് 21,876 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ കനിവ് 108 ആംബുലൻസുകൾ സേവനം നൽകിയ ട്രിപ്പുകൾ.